വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തഭൂമിയില്‍ ഇന്നും ജനകീയ തിരച്ചില്‍; കണ്ടെത്താനുള്ളത് 126 പേരെ

Update: 2024-08-11 05:25 GMT

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള ജനകീയ തിരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തിരച്ചില്‍. തിരച്ചിലില്‍ ക്യാംപുകളില്‍ നിന്ന് സന്നദ്ധരായവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തില്‍ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ , പ്രാദേശിക ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തിരച്ചില്‍ നടത്തും. 14 ക്യാംപുകളിലായി 1,184 പേരാണ് താമസിക്കുന്നത്.

തിരച്ചില്‍, കെട്ടിടാവശിഷ്ടം നീക്കല്‍, ക്യാംപുകള്‍ തുടരാനുള്ള സഹായം എന്നിവ നല്‍കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പുനര്‍നിര്‍മ്മാണം, തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ സഹായം നല്‍കുന്നത് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഉരുള്‍പ്പൊട്ടലിലുണ്ടായ നാശനഷ്ടങ്ങളില്‍ കൂടുതല്‍ കൃത്യമായ കണക്കുകള്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം നല്‍കും. തിങ്കളാഴ്ച ഡൗണ്‍സ്ട്രീം കേന്ദ്രീകരിച്ച് പൂര്‍ണ തിരച്ചിലുണ്ടാകുമെന്നും വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ തുടരുന്ന മന്ത്രിസഭാ ഉപസമിതി അറിയിച്ചു.




Tags:    

Similar News