ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി പി ജനാര്‍ദനനും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനു ബാബുവും സംയുക്തമായി നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തി. പയ്യന്നൂര്‍ രാമന്തളി എട്ടിക്കുളം മൊട്ടക്കുന്നില്‍ മുട്ടോന്‍ വീട്ടില്‍ സല്‍മാനെ(31) അറസ്റ്റുചെയ്തു. കൂട്ടുപുഴ നടത്തിയ പരിശോധനയില്‍ പുലര്‍ച്ചെ ആറ് മണിയോട് കൂടി ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സില്‍ നിന്നാണ് മാരകമയക്കുമരുന്നായ 74.39 ഗ്രാം എംഡിഎംഎ, 1.76 ഗ്രാം (150 എണ്ണം) എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് പിടിച്ചെടുത്തത്.
സംഭവത്തില്‍ കേസെടുത്തു. കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതിക്ക് 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ പി വി സുലൈമാന്‍, കെ സി ഷിബു, ജോര്‍ജ് ഫെര്‍ണാണ്ടസ്, കെ കെ രാജേന്ദ്രന്‍, എന്‍ ടി ധ്രുവന്‍, എം കെ ജനാര്‍ദനന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ ഷബിന്‍, എം പി പ്രദീപന്‍ എന്നിവരാണുണ്ടായിരുന്നത്.