മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ തിക്കുംതിരക്കും; മരിച്ചവരുടെ എണ്ണം 12 ആയി

Update: 2022-01-01 02:23 GMT

കത്ര: ജമ്മു കശ്മീരില്‍ കത്രയില്‍ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 12ആയി. ഇന്ന് (ശനിയാഴ്ച) രാവിലെയാണ് അപകടം നടന്നത്. 26 പേര്‍ക്ക് പരിക്കേറ്റു. പുതുവല്‍സര ദിനത്തോടനുബന്ധിച്ച് വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്.

മൂലസ്ഥാനത്തിനു പുറത്താണ് അപകടമുണ്ടായത്. ത്രികുത കുന്നിനുമുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രവേശനാനുമതിയില്ലാതെ നിരവധി പേര്‍ എത്തിയതാണ് അപകടത്തിനു കാരണം.

പരിക്കേറ്റവരെ നരെയ്‌ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ എണ്ണത്തെക്കുറിച്ചും വ്യക്തതയില്ലെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പല മാധ്യമങ്ങളും പല തരത്തിലാണ് റിപോര്‍ട്ട് ചെയ്തത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 2 ലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. 

Tags:    

Similar News