മാതമംഗലം: ലേബര്‍ കാര്‍ഡ് അനുവദിച്ചുള്ള ഹൈക്കോടതി വിധി അംഗീകരിക്കില്ല: ആനത്തലവട്ടം ആനന്ദന്‍
കയറ്റിറക്ക് നിയമത്തിന് എതിരായ ഹൈക്കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ല
തിരുവനന്തപുരം: മാതമംഗലം വിവാദത്തില്‍ കോടതി വിധി അംഗീകരിക്കില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. തൊഴിലെടുക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന കോടതിവിധിയെ അംഗീകരിക്കില്ലെന്നാണ് സിഐടിയു നിലപാട്. മാതമംഗലത്തെ കടയിലെ ജീവനക്കാര്‍ക്ക് ലേബര്‍ കാര്‍ഡ് അംഗീകരിച്ചുള്ള ഹൈക്കോടതി വിധി അംഗീകരിക്കില്ല. കയറ്റിറക്ക് നിയമത്തിന് എതിരായ ഹൈക്കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
കയറ്റിറക്ക് നിയമത്തിനെതിരായ ഹൈക്കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറയുമ്പോഴും മാളുകളില്‍ ഇത് ബാധകമല്ലെന്ന് കൂടി സിഐടിയു നേതാവ് വിശദീകരിക്കുന്നു. അത് സ്‌പെഷ്യല്‍ ഇക്‌ണോമിക് സോണില്‍ പെടുന്ന മേഖലയാണെന്നാണ് ആനത്തലവട്ടം പറയുന്നത്.
പൂട്ടിച്ച കട തുറന്നു
മാതമംഗലത്ത് സിഐടിയു സമരത്തിന്റെ പേരില്‍ പൂട്ടേണ്ടി വന്ന എസ്ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വെയര്‍ കട തുറന്നു. ലേബര്‍ കമ്മീഷണറുടെയും തൊഴില്‍ മന്ത്രിയുടെയും തൊഴിലാളി യൂനിയനുകളുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കട തുറക്കാന്‍ തീരുമാനമായത്. സിഐടിയു ഉപരോധത്തെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് ഉടമ റാബിക്ക് തന്റെ ഹാഡ് വെയര്‍ കട പൂട്ടേണ്ടി വന്നത്. ഹൈക്കോടതി വിധി പൂര്‍ണമായി നടപ്പിലാക്കാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടെന്ന് റബി പറഞ്ഞു.