എംഡിഎംഎയുമായി യുവാവ് പിടിയില്‍

Update: 2022-06-12 01:15 GMT

പെരിന്തല്‍മണ്ണ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പെരിന്തല്‍മണ്ണ എസ്‌ഐ സി കെ നൗഷാദും സംഘവും നടത്തിയ പരിശോധനയിലാണ് നാലര ഗ്രാം എംഡിഎംഎ യു മായി പാണ്ടിക്കാട് സ്വദേശി കിഴക്കനാംപറമ്പില്‍ മുഹമ്മദ് ഇക്ബാല്‍(25)നെ അറസ്റ്റ് ചെയ്തത്.

യുവാക്കള്‍ക്കിടയില്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നതായും ഇതിന്റെ കണ്ണികളായി പ്രവര്‍ത്തിക്കുന്ന ചിലരെ കുറിച്ച് മലപ്പുറം ജില്ലാപോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്‌കുമാര്‍, സിഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനക്ക് നിര്‍ദേശം നല്‍കിയത്. ബാംഗ്ലൂരില്‍ നിന്നും ഏജന്റുമാര്‍ മുഖേന നാട്ടിലെത്തിച്ച് വന്‍ ലാഭമെടുത്താണ് യുവാക്കള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നത്. ആവശ്യക്കാരോട് പറയുന്ന സ്ഥലത്തേക്ക് വരാന്‍ പറഞ്ഞ് ഗ്രാമിന് അയ്യായിരം രൂപവരെ വിലയിട്ടാണ് വില്‍പ്പന നടത്തുന്നത്. ഈ സംഘത്തില്‍പെട്ട ചിലരെ കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയില്‍ പോലിസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ പെരിന്തല്‍മണ്ണ, പാണ്ടിക്കാട് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തെകുറിച്ച് സൂചന ലഭിക്കുന്നത്. കൊറിയര്‍ സര്‍വ്വീസ് സ്ഥാപനത്തിന്റെ മറവിലാണ് പ്രതി മയക്കുമരുന്ന് കച്ചവടം നടത്തുന്നത്. എംഡിഎംഎ അഥവാ മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍ എന്ന മാരകശേഷിയുള്ള മയക്കുമരുന്ന് നേരിട്ട് തലച്ചോറിലേക്ക് ബാധിക്കുകയും തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാനസികനിലയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള മാരകമായ മയക്കുമരുന്നാണ് എംഡിഎംഎ . ഈ സംഘത്തിലെ ചിലര്‍ നിരീക്ഷണത്തിലാണെന്നും ഡിവൈഎസ്പി അറിയിച്ചു. പെരിന്തല്‍മണ്ണ എസ്‌ഐ സി കെ നൗഷാദ്, പ്രൊബേഷന്‍ എസ്‌ഐ ഷൈലേഷ്, അഡീഷണല്‍ എസ് ഐ ബൈജു, സിവില്‍ പോലിസുകാരായ ഷാലു, ഷക്കീല്‍, മുഹമ്മദ് ഫൈഹല്‍ എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമും സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News