കെ-റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുക്കാന്‍ മേധാ പട്കര്‍ നാളെ കോഴിക്കോട്ടെത്തും
കാട്ടില്‍പ്പീടിക വെങ്ങളം കെ-റെയില്‍ പ്രതിരോധ സമിതിയുടെ സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കാനാണ് മേധാ പട്കര്‍ കോഴിക്കോട്ടെത്തുന്നത്. 464 ദിവസമായി കാട്ടില്‍പ്പീടികയില്‍ കെ-റെയില്‍ വിരുദ്ധ സമരം ആരംഭിച്ചിരിക്കുകയാണ്.
കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രമുഖ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ നാളെ കോഴിക്കോട്. കാട്ടില്‍പ്പീടിക വെങ്ങളം കെ-റെയില്‍ പ്രതിരോധ സമിതിയുടെ സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കാനാണ് മേധാ പട്കര്‍ കോഴിക്കോട്ടെത്തുന്നത്. 464 ദിവസമായി കാട്ടില്‍പ്പീടികയില്‍ കെ-റെയില്‍ വിരുദ്ധ സമരം ആരംഭിച്ചിരിക്കുകയാണ്.
2020 ഒക്ടോബര്‍ രണ്ടിനാണ് സമരസമിതിയുടെ നേതൃത്വത്തില്‍ സത്യഗ്രഹം ആരംഭിച്ചത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ സി ആര്‍ നീലകണ്ഠന്‍, പ്രഫ. കുസുമം ജോസഫ്, വിജയരാഘവന്‍ ചേലിയ തുടങ്ങിയവരും ഇന്ന് സമരപന്തല്‍ സന്ദര്‍ശിക്കും. കെ-റെയില്‍ വിരുദ്ധ സമരസമിതി സംസ്ഥാന ചെയര്‍മാന്‍ എം പി ബാബുരാജും മേധാ പട്കര്‍ക്കൊപ്പം സമരവേദിയിലെത്തുമെന്ന് സമരസമിതി ചെയര്‍മാന്‍ ടി ടി ഇസ്മായില്‍ അറിയിച്ചു. സത്യഗ്രഹ സമരം 465ാം ദിവസത്തിലേക്ക് കടക്കുന്ന തിങ്കളാഴ്ച രാവിലെ 8.30നാണ് മേധാ പട്കര്‍ സ്ഥലത്തെത്തുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായുള്ള വിവിധ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച മേധാ പട്കറുടെ സന്ദര്‍ശനം കെ-റെയിലിനെതിരേയുള്ള സമരത്തിന് ആവേശം പകരുമെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു.