മീഡിയാ വണ്ണിന് സംപ്രേഷണ വിലക്ക്; 'ഇതനുവദിച്ചാല്‍ നാവില്ലാത്തവരായി ജീവിക്കുന്നുവെന്നര്‍ത്ഥം'; പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍
തിരുവനന്തപുരം; മീഡിയാ വണ്‍ ചാനല്‍ സംപ്രേഷണം നിര്‍ത്തിവച്ചതിനെതിരേ ശക്തമായ പ്രതികരണവുമായി പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍. സമഗ്രാധിപത്യത്തിന്റെ ആദ്യ ഇരകളായി മാറുകയാണ് മാധ്യമപ്രവര്‍ത്തകരും അവരുടെ സ്ഥാപനങ്ങളെന്നും അത് അനുവദിച്ചാല്‍ പിന്നെ നിങ്ങള്‍ നാവില്ലാത്തവരായി ജീവിക്കുന്നു എന്നു മാത്രമാണര്‍ഥമെന്നും അദ്ദേഹം തന്റെ ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തിലെ മുന്‍നിര ടെലിവിഷന്‍ ചാനലായ മീഡിയ വണ്‍നെ കേന്ദ്രസര്‍ക്കാര്‍ ഒരു കാരണവും വ്യക്തമാക്കാതെ അതിന്റെ സംപ്രേഷണം തടഞ്ഞിരിക്കുന്നു. ഇതൊരു കാടന്‍ നടപടിയാണ്. ശക്തിയായി പ്രതിഷേധിക്കുന്നു. എന്താണ് ഈ വിലക്കിന് കാരണമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്രയും തിരക്കിട്ട് നിരോധിക്കേണ്ട് എന്തു കുറ്റമാണ് മീഡിയ വണ്ണിലെ മാധ്യമപ്രവര്‍ത്തകര്‍ കാണിച്ചതെന്ന് പറയാനുള്ള ബാധ്യത പ്രധാനമന്ത്രിക്കും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിക്കും ഉണ്ട്.
കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറില്‍ നടന്ന ധര്‍മ്മസന്‍സദില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വംശീയ ഹത്യയ്ക്ക് വിധേയമാക്കണമെന്ന് പ്രസംഗിച്ചവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും ചെയ്‌തോ. രാജ്യത്തെ നൂറിലധികം അതിപ്രധാന വ്യക്തികള്‍ ശക്തമായി കത്തെഴുതിയപ്പോള്‍ പേരിന് ഒന്നു രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. അതിലൊരു സ്വാമി നിരന്തരം യുട്യൂബ് ചാനലിലൂടെ ഭ്രാന്തന്‍ മതവിരുദ്ധ പ്രസംഗം നടത്തി മതവിദ്വേഷമനസ്സുള്ളവരെ ത്രസിപ്പിക്കുന്ന തീര്‍ത്തും രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നയാളാണ്. ഇതൊന്നും തടയാന്‍ കേന്ദ്രസര്‍ക്കാരിന് താല്‍പര്യമില്ലാത്തത് എന്തു കൊണ്ടെന്ന് ആര്‍ക്കും അറിയാത്തതല്ലല്ലോ.
ബി.ജെ.പി.യുടെ മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിനെയും ഒപ്പം മീഡിയാ വണ്ണിനെയും 2020ല്‍ കേന്ദ്രസര്‍ക്കാര്‍ സംപ്രേഷണം നിര്‍ത്തിക്കുകയുണ്ടായി. (രാജീവ് ചന്ദ്രശേഖര്‍ അന്ന് ബി.ജെ.പി. എം.പി.യായിരുന്നു). 2020 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ വടക്കു കിഴക്കന്‍ ഡെല്‍ഹിയില്‍ അരങ്ങേറിയ വന്‍ കലാപത്തില്‍ സംഘപരിവാറിനുള്ള പങ്ക് സംബന്ധിച്ച് വന്ന വാര്‍ത്തകളാണ് കേന്ദ്രസര്‍ക്കാരിനെ അന്ന് പ്രകോപിപ്പിച്ചിരുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലും ഡെല്‍ഹി സര്‍വ്വകലാശാലയിലും ഈസ്റ്റ് ഡെല്‍ഹി പ്രദേശങ്ങളിലുമൊക്കെ സംഘപരിവാര്‍ ഇളക്കിവിടുകയും നേതൃത്വം നല്‍കുകയും ചെയ്ത വലിയ അക്രമങ്ങള്‍ സംബന്ധിച്ച തല്‍സമയ റിപോര്‍ട്ടുകള്‍ ഏഷ്യാനെറ്റ് ന്യൂസിലും മീഡിയാ വണ്ണിലും വന്നത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി. സംപ്രേഷണം നിര്‍ത്താനായി ചാനലുകള്‍ക്ക് നല്‍കിയ നോട്ടീസില്‍ വാര്‍ത്തകള്‍ സംബന്ധിച്ച് ആര്‍.എസ്.എസ്. നേതൃത്വത്തിന് പരാതികള്‍ ഉള്ളതിനാലാണ് നിരോധനം നടപ്പാക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഉപാധികളൊന്നും കൂടാതെ ആദ്യം ഏഷ്യാനെറ്റിന്റെ നിരോധനം നീക്കി. തൊട്ടടുത്ത ദിവസം രാവിലെ മീഡിയ വണ്‍ നിരോധനവും നീക്കി.
ഗുജറാത്ത് കലാപവും നരോദ പാട്യ കൂട്ടക്കൊലയും സത്യസന്ധമായി റിപോര്‍ട്ട് ചെയ്ത് മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ എന്‍.ഡി.ടി.വി.ക്കും രാജ്ദീപ് സര്‍ദേശായിക്കും എതിരായി കേന്ദ്രസര്‍ക്കാര്‍ ചെയ്തത് എന്താണെന്ന് മാധ്യമപ്രവര്‍ത്തകര്‍ മറക്കുന്നില്ല. 2016ല്‍ മറ്റൊരു കാരണം പറഞ്ഞ് എന്‍.ഡി.ടി.വിയെ ഒരു ദിവസത്തേക്ക് നിരോധിച്ച് ഉത്തരവിറക്കി. എന്നാല്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതു കാരണം അത് നടപ്പാക്കാതെ പിന്‍വലിച്ചു. രാജ്ദീപ് സര്‍ദേശായിയെ വിദേശത്ത് വെച്ച് അപമാനിക്കുന്ന അവസ്ഥ ഉണ്ടായി.
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് 2017ല്‍ നേരിട്ട ദുരന്തം എല്ലാവരും ഓര്‍ക്കുന്നു. അതിലെ പ്രതികളെ പിടിച്ചോ... അവര്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും ശിക്ഷ വാങ്ങിക്കൊടുത്തോ...ആര്‍ക്കും അറിയില്ല.
മണിപ്പൂരിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ അവിടുത്തെ ബി.ജെ.പിയിലെ ഒരു രാഷ്ട്രീയ ഭിന്നത സംബന്ധിച്ച് ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍ നല്‍കിയ പരാതി പൊലീസ് അതിവേഗത്തില്‍ പരിഗണിച്ച് അയാളെ ജാമ്യമില്ലാത്ത കുറ്റത്തിന് ജയിലിലാക്കി ഒരു വര്‍ഷത്തോളം ജയിലില്‍ ഇട്ട ശേഷം ഏതാനും മാസം മുമ്പാണ് സുപ്രിംകോടതി അയാളെ വിട്ടയക്കാന്‍ ഉത്തരവിട്ടതും സര്‍ക്കാരിനെ അതി നിശിതമായി വിമര്‍ശിച്ചതും. നിലനില്‍ക്കുന്ന ഒരു കുറ്റവും ആ മാധ്യമപ്രവര്‍ത്തകന്‍ ചെയ്തിട്ടില്ല എന്ന് സുപ്രിംകോടതി കണ്ടെത്തിയത്, അയാളുടെ പിതാവ് മകനു വേണ്ടി പരമോന്നത കോടതിയെ സമീപിച്ചപ്പോഴായിരുന്നു.
2020 ഒക്ടോബറില്‍ കുപ്രസിദ്ധമായ ഹത്രാസ് കൊല റിപോര്‍ട്ട് ചെയ്യാന്‍ ഡെല്‍ഹിയില്‍ നിന്നും പോയ സിദ്ദിഖ് കാപ്പന്‍ എന്ന ജേര്‍ണലിസ്റ്റിനെ ഒന്നര വര്‍ഷത്തോളമായി യു.പിയിലെ ജയിലില്‍ ഇട്ടിട്ട്. കാപ്പന്‍ രാജ്യദ്രോഹിയാണത്രേ. അതെന്താണെന്നു മാത്രം ഇതുവരെയും പറഞ്ഞിട്ടില്ല. ഹരിദ്വാര്‍ സ്വാമിയുടെ യുട്യൂബ് പ്രസംഗങ്ങള്‍ മുഴുവന്‍ ആത്മീയ ശുദ്ധി നേടാനുള്ള ധര്‍മ്മോപദേശങ്ങളുമാണ് എന്ന് സര്‍ക്കാര്‍ കണ്ടെത്തുകയും ചെയ്യും. ഹത്രാസില്‍ ഒരു പെണ്‍കുട്ടിയെ നാവരിഞ്ഞ്, ബലാല്‍സംഗം ചെയ്ത് കൊന്നവരും, ദേഹം വയലില്‍ പെട്രോളൊഴിച്ച് ചുട്ടു ചാമ്പലാക്കിയതിന് നേതൃത്വം കൊടുത്ത പൊലിസും ജില്ലാ മജിസ്‌ട്രേറ്റും ഉള്‍പ്പെടെ എല്ലാവരും നിഷ്‌കളങ്കരും നിരപരാധികളുമായിരിക്കും. ബ്രിട്ടീഷുകാര്‍ സ്വാതന്ത്രസമര സേനാനികളെ തടവിലാക്കാന്‍ കൊണ്ടുവന്ന സെഡിഷന്‍ നിയമം സ്വതന്ത്ര ഇന്ത്യയില്‍ 75 വര്‍ഷം കഴിഞ്ഞും തുടരുന്നതിനെ സുപ്രിംകോടതി എടുത്ത കുടഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്.
പെഗാസസ് എന്ന ചാര സോഫ്ട് വെയര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ നേരിട്ടു തന്നെ മാധ്യമപ്രവര്‍ത്തകരുടെ ഉള്‍പ്പെടെ ഇന്ത്യയിലെ 300ലധികം പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തി. സമഗ്രാധിപത്യത്തിന്റെയും അരക്ഷിതത്വത്തിന്റെയും വലയിലാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍. എഡിറ്റേര്‍സ് ഗില്‍ഡ് കഴിഞ്ഞയാഴ്ചയും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധക്കുറിപ്പിറക്കിയിട്ടുണ്ട്. എന്തിനെന്നല്ലേ... കാശ്മീരില്‍ 300ഓളം മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്ന കാശ്മീര്‍ പ്രസ് ക്ലബ്ബ് ജനുവരി 17ന് ഒരു കാരണവും പറയാതെ ഒരു ദിവസം പൊലിസ് വന്ന് പൂട്ടിച്ചു. ഒരു സംഘം ആളുകള്‍ വന്ന് പൂട്ടിക്കുകയും പൊലിസ് അതിന് തുണ നല്‍കുകയുമാണ് ചെയ്തത്. ജമ്മു കാശ്മീര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക പ്രസ്‌ക്ലബ്ബ് ആയിരുന്നു ഇത്. ലൈസന്‍സ് പുതുക്കിയില്ല എന്ന കാരണം ഉണ്ടാക്കാനായി പുതുക്കാന്‍ പോയപ്പോള്‍ അധികൃതര്‍ അതിന് അനുവാദം നല്‍കിയില്ല. അതായത് പ്ലോട്ട് ആദ്യമേ തീരുമാനിച്ചായിരുന്നു ഭരണകൂടത്തിന്റെ പരിപാടി. ഇതിനെതിരെയായിരുന്നു ഗില്‍ഡിന്റെ പ്രതിഷേധം.
അതിനും മുമ്പ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 102 പേര്‍ക്കെതിരെ അവിടുത്തെ സര്‍ക്കാര്‍ ചുമത്തിയത് യു.എ.പി.എ ആയിരുന്നു. എന്തിനെന്നല്ലേ... പടിഞ്ഞാറന്‍ ത്രിപുരയില്‍ ഉണ്ടായ ന്യൂനപക്ഷവിരുദ്ധ വര്‍ഗീയ കലാപം റിപോര്‍ട്ടു ചെയ്തതിന്.
ഇതാണ് സ്ഥിതി... മാധ്യമപ്രവര്‍ത്തനം ജനാധിപത്യത്തിന്റെ നാലാംതൂണാണു പോലും. സമഗ്രാധിപത്യത്തിന്റെ ആദ്യ ഇരകളായി മാറുകയാണ് മാധ്യമപ്രവര്‍ത്തകരും അവരുടെ സ്ഥാപനങ്ങളും. അത് അനുവദിച്ചാല്‍ പിന്നെ നിങ്ങള്‍ നാവില്ലാത്തവരായി ജീവിക്കുന്നു എന്നു മാത്രമാണര്‍ഥം. പ്രതികരിക്കണം....പ്രതിഷേധിക്കണം.