മീഡിയാ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക്; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം
ന്യൂഡല്‍ഹി; മീഡിയാ വണ്‍ ന്യൂസ് ചാനലിന് സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കോണ്‍ഗ്രസ്സിന്റെ കെ സി വേണുഗോപാല്‍ എംപിയാണ് പ്രശ്‌നം സഭയില്‍ ഉന്നയിച്ചത്. ഒരു വാര്‍ത്താ ചാനലിനെ കാരണമൊന്നുമില്ലാതെ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് വിലക്കേര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മുതല്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാതിനാല്‍ മറുപടി പറയില്ലെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ സമഹമന്ത്രി ഡോ. എല്‍ മുരുഗന്‍ പാര്‍ലമെന്റിനെ അറിയിച്ചു.
മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ഐടി സമിതി വിശദീകരണം തേടിയിരുന്നു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തോടാണ് വിശദീകരണം തേടിയത്. സമിതി അധ്യക്ഷന്‍ ശശി തരൂരിന്റേതാണ് നടപടി.
നേരത്തെ വിലക്കിനെതിരേ പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. മുസ്‌ലിം ലീഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. എം പി അബ്ദു സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍, സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
മീഡിയവണ്‍ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരേ ചാനല്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. കാരണമില്ലാതെ വിലക്കേര്‍പ്പെടുത്താനാവില്ലെന്ന് കോടതി ഉത്തരവിട്ടു. കാരണം കാണിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമയമനുവദിച്ചു.