മീഡിയവണ്‍ സംപ്രേഷണ വിലക്ക്; എസ്ഡിപിഐ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
ദേശസുരക്ഷ എന്ന ഉമ്മാക്കി കാട്ടിയാണ് എല്ലാ ഏകാധിപത്യ ഭരണകൂടങ്ങളും മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത്
തിരുവനന്തപുരം: മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. ദേശസുരക്ഷ എന്ന ഉമ്മാക്കി കാട്ടിയാണ് എല്ലാ ഏകാധിപത്യ ഭരണകൂടങ്ങളും മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത്. വിയോജിപ്പിന്റെ ശബ്ദങ്ങളെ അമര്‍ച്ച ചെയ്യുന്ന പ്രവണത രാജ്യത്ത് തുടരുകയാണ്.
മീഡിയാവണ്‍ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധി ജുഡീഷ്യറിയില്‍ ഫാഷിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന കോടതി നിലപാട് ജുഡീഷറിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും. സംഘപരിവാര വംശീയതയെ ദേശീയതയായി ചിത്രീകരിക്കുന്ന വിചിത്രവാദത്തിന് നീതിപീഠം പിന്തുണയേകുന്നത് അപകടകരമാണ്.
സര്‍ക്കാരുകളുടെ ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളെ വിമര്‍ശിക്കുകയെന്നത് മാധ്യമങ്ങളുടെ ബാധ്യതയാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കുന്നത് ഏകാധിപത്യമാണ്. ആ ഏകാധിപത്യത്തിന് നീതിപീഠം കൂട്ടുനില്‍ക്കരുത്. സംഘി ഭീകരതയെ വിമര്‍ശിക്കുന്നവരെ തോക്കിന്‍കുഴലിലൂടെയും കലാപത്തിലൂടെയും ആര്‍എസ്എസ് അരുംകൊലചെയ്യുമ്പോള്‍ മറുവശത്ത് വിമര്‍ശനമുന്നയിക്കുന്ന മാധ്യമങ്ങളെ പോലും ജുഡീഷ്യറി തന്നെ നിശബ്ദമാക്കുന്നതിലൂടെ സാക്ഷാല്‍ക്കരിക്കുന്നത് ഫാഷിസ്റ്റ് ഏകാധിപത്യ വാഴ്ചയാണെന്നും ഷബീര്‍ ആസാദ് പറഞ്ഞു.
പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന അധ്യക്ഷത വഹിച്ചു. ജില്ലാ ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.