മെഡിക്കല്‍, ഡെന്റല്‍ പി ജി സംവരണം: ഉപസംവരണത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് എസ്ഡിപിഐ

Update: 2021-11-03 06:57 GMT

തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍ പി ജി കോഴ്‌സുകളിലെ പിന്നാക്ക (എസ്.ഇ.ബി.സി) സംവരണം 27 ശതമാനമാക്കിയ  സര്‍ക്കാര്‍ ഉത്തരവില്‍ ഉപസംവരണം വ്യക്തമാക്കി അശയക്കുഴപ്പം നീക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ബിരുദ കോഴ്‌സുകളെ അപേക്ഷിച്ച് പിജി കോഴ്‌സില്‍ മൂന്നു ശതമാനം സംവരണം കുറച്ചതിനാല്‍ ഉപസംവരണം പ്രത്യേകം വ്യക്തമാക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. കൂടാതെ പിന്നാക്ക വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നതയ്ക്ക് ഇടയാക്കാനും അര്‍ഹതപ്പെട്ട വിഹിതം നഷ്ടമാക്കാനും ഇടയാക്കും.

നിലവില്‍ കേരളത്തില്‍ പ്രധാന കോഴ്‌സുകളിലെല്ലാം എസ്.ഇ.ബി.സി വിഭാഗത്തിനുള്ള വിദ്യാഭ്യാസ സംവരണം 30 ശതമാനമാണെന്നിരിക്കേ സംവരണ വിഭാഗങ്ങളെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനുമുള്ള ഇടതു സര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമമാണ് ഇത്തരത്തില്‍ അവ്യക്തമായ ഉത്തരവിറക്കിയതിനു പിന്നിലെന്നും തുളസീധരന്‍ കുറ്റപ്പെടുത്തി.

മെഡിക്കല്‍ പി.ജി കോഴ്‌സുകളില്‍ ബിരുദ കോഴ്‌സുകളിലെ പോലെ എസ്.ഇ.ബി.സി സംവരണം 30 ശതമാനമാക്കി ഉയര്‍ത്തണമെന്നായിരുന്നു പിന്നാക്ക വിഭാഗ കമീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കിയത്. ബിരുദ തലത്തില്‍ ഒമ്പതു ശതമാനം ഈഴവ വിഭാഗത്തിനും എട്ടു ശതമാനം മുസ് ലിം വിഭാഗത്തിനും ഉപസംവരണമുണ്ട്. പിന്നാക്ക ഹിന്ദു, ലത്തീന്‍ കത്തോലിക്ക വിഭാഗങ്ങള്‍ക്ക് മൂന്നു വീതവും ധീവര, വിശ്വകര്‍മ വിഭാഗങ്ങള്‍ക്ക് രണ്ട് വീതവും കുശവ, കുടുംബി, പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഒരു ശതമാനം വീതവുമാണ് ഉപസംവരണം. ഈ പാറ്റേണില്‍ മാറ്റം വരുത്തുന്നത് എസ്.ഇ.ബി.സിയിലെ ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് ശതമാനത്തില്‍ കുറവ് വരാനിടയാക്കും. സാമൂഹിക സംവരണത്തെ അട്ടിമറിക്കുന്നതിന് ഇടതുപക്ഷം നടത്തുന്ന ഒളിച്ചുകളിയുടെ പുതിയ എപ്പിസോഡാണ് ഈ ഉത്തരവെന്നും ഉപസംവരണം വ്യക്തമാക്കി പുതിയ ഉത്തരവ് ഉടന്‍ ഇറക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

Tags:    

Similar News