മാള: പുത്തന്‍ചിറ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാള ഗുരുധര്‍മ്മം മിഷന്‍ ആശുപത്രിയും അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് കമ്മൂണിറ്റി ഹാളില്‍ നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ബെന്നി ബഹനാന്‍ എം പി ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കിയ ഭദ്രം കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗമായിരുന്ന വ്യാപാരി ഹെന്റിയുടെ മരണാനന്തര ഫണ്ടായ 10 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ നജാഹിന്റെ സാന്നിദ്ധ്യത്തില്‍ ബെന്നി ബഹനാന്‍ എം പി കൈമാറി. അതോടൊപ്പം അസോസിയേഷന്റെ മരണാനന്തര ഫണ്ടായ പതിനായിരം രൂപയുടെ ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബിയും കൈമാറി.
പുത്തന്‍ചിറ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ബി സെയ്തുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി മുഖ്യാതിഥിയായിരുന്നു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍, ഗുരുധര്‍മ്മം ആശുപത്രി സി ഇ ഒ ഡോ. ആദര്‍ശ് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. സെക്രട്ടറി വി കെ ദേവരാജന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ദാസന്‍ കളത്തില്‍ നന്ദിയും രേഖപെടുത്തി.
തുടര്‍ന്ന് കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളും പ്രതിവിധിയും എന്ന വിഷയത്തില്‍ വിദഗ്ധര്‍ ക്ലാസ്സെടുത്തു.