തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുള്ള ശമ്പളകുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചു വിവിധ സമരപരിപാടികള്‍ നടത്തുവാന്‍ കെജിഎംസിടിഎ സംസ്ഥാനസമിതി തീരുമാനിച്ചു. തിങ്കളാഴ്ച എല്ലാ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്‍പിലും ഡി എം ഇ ഓഫീസിനു മുന്‍പിലും രാവിലെ 11 ന് പ്രതിഷേധധര്‍ണ നടത്തും.
രോഗി പരിചരണവും അധ്യാപനവും തടസപ്പെടാത്ത രീതിയിലായിരിക്കും ധര്‍ണ. 29ന് രാവിലെ എട്ടു മുതല്‍ 11 വരെ സൂചന പണിമുടക്ക് എല്ലാ മെഡിക്കല്‍ കോളജുകളിലും നടത്തും.
സൂചന പണിമുടക്ക് സമയത്ത് ഒപികളും ശസ്ത്രക്രിയകളും, അധ്യാപനവും നടത്തില്ല. എന്നാല്‍ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങള്‍, അടിയന്തര ശസ്ത്രക്രിയകള്‍, ഐ സി യൂ, ലേബര്‍ റൂം, അത്യാഹിതവിഭാഗം, വാര്‍ഡ് സേവനങ്ങള്‍ , എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
29 മുതല്‍ എല്ലാ നോണ്‍ കോവിഡ് മീറ്റിംഗുകള്‍, ബോര്‍ഡ് മീറ്റിംഗുകള്‍ അക്കാഡമിക് ഡ്യൂട്ടികള്‍ വി ഐ പി ഡ്യൂട്ടികള്‍ പേ വാര്‍ഡ് അഡ്മിഷന്‍ എന്നിവ ബഹിഷ്‌കരിക്കും. ഫെബ്രുവരി അഞ്ചിന് എല്ലാ മെഡിക്കല്‍ കോളജുകളിലും 24 മണിക്കൂര്‍ റിലേ നിരാഹാരസമരം നടത്തുവാന്‍ തീരുമാനിച്ചു. ഫെബ്രുവരി ഒമ്പതു മുതല്‍ അനിശ്ചിതകാലസമരം നടത്തുവാന്‍ തീരുമാനിച്ചതായി കെജിഎംസിടിഎ സംസ്ഥാനസമിതി അറിയിച്ചു.