മെഡിക്കല്‍ സര്‍വ്വീസ് കോര്‍പറേഷന്‍ അഴിമതിയില്‍ ലോകായുക്ത പ്രാഥമികാന്വേഷണം തുടങ്ങി
ആരോഗ്യ സെക്രട്ടറി രാജന്‍ ഘൊബ്രഗഡേ, മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മുന്‍ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാര്‍ എന്നിവര്‍ക്കും മുന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാറിനുമാണ് നോട്ടീസ് അയച്ചത്.
തിരുവനന്തപുരം: കൊവിഡ് കാലത്തെ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പറേഷന്‍ അഴിമതിയില്‍ ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങി. വീണ എസ് നായര്‍ നല്‍കിയ പരാതിയിലാണ് ലോകായുക്ത നടപടി. ഏപ്രില്‍ ഏഴിന് കേസ് ലോകായുക്ത പരിഗണിക്കും. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പറേഷന്‍ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ലോകായുക്ത സര്‍ക്കാരിന് നോട്ടീസ് അയച്ചു.
ആരോഗ്യ സെക്രട്ടറി രാജന്‍ ഘൊബ്രഗഡേ, മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മുന്‍ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാര്‍ എന്നിവര്‍ക്കും മുന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാറിനുമാണ് നോട്ടീസ് അയച്ചത്. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പറേഷന്‍ സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ അറിയിക്കണം. മാര്‍ച്ച് ഏഴിന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് കാലത്തെ മെഡിക്കല്‍ കോര്‍പറേഷന്‍ കൊള്ള പുറത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങിയത്.
കൊവിഡിന്റെ തുടക്കത്തില്‍ പിപിഇ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികള്‍ ധൃതി പിടിച്ച് വാങ്ങിയതില്‍ വന്‍ ക്രമക്കേട് കെഎംഎസ്‌സിഎല്‍ നടത്തിയ വാര്‍ത്ത പുറത്ത് വന്നിരുന്നു. വിഷയത്തില്‍ ധനകാര്യവകുപ്പ് പരിശോധനാ വിഭാഗം അന്വേഷണം നടത്തിവരികയാണ്.
അതിനിടെ, കൊവിഡ് പര്‍ചേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കംപ്യൂട്ടറില്‍ നിന്ന് മായിച്ചു കളഞ്ഞിരുന്നു എന്ന് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ തന്നെ സമ്മതിച്ച രേഖകള്‍ പുറത്തുവന്നു. വിവരവകാശ നിയമപ്രകരമാണ് കൊള്ള വിവരം പുറത്ത് വന്നത്.
മായിച്ച് കളഞ്ഞതെല്ലാം തിരിച്ചെടുത്തിട്ടുണ്ടെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു. എന്നാല്‍ ഏതൊക്കെ ഫയലുകളാണ് മായിച്ചതെന്നോ മായിച്ചത് മുഴുവന്‍ തിരിച്ച് കിട്ടിയെന്നോ മറുപടിയില്‍ പറയുന്നുമില്ല. ഏതൊക്കെ ഫയലുകളാണ് മായിച്ചതെന്ന് അറിയില്ലെന്നും മായിച്ച് കളഞ്ഞ ആളെ സസ്‌പെന്റ് ചെയ്തിരുന്നു എന്നുമായിരുന്നു കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ജോയിയുടെ പ്രതികരണം.
അതേസമയം, കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ പര്‍ചേസുമായി ബന്ധപ്പെട്ട ഫിസിക്കല്‍ ഫയലുകളൊന്നും കാണാതായില്ലെന്നാണ് കെഎംഎസ്‌സിഎല്ലിന്റെ മറുപടി. കൊവിഡ് പര്‍ചേസുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുളള ഒരു റിപോര്‍ട്ടും കെഎംഎസ്‌സിഎലിന് കിട്ടിയില്ലെന്നും മറുപടിയില്‍ പറയുന്നു. കൊവിഡ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ 1127 കോടി രൂപയുടെ പര്‍ചേസാണ് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നടത്തിയതെന്നാണ് വിവരാവകാശ മറുപടി. കൊവിഡ് പര്‍ചേസില്‍ വന്‍ ക്രമക്കേട് നടന്നിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കംപ്യൂട്ടറില്‍ നിന്ന് പര്‍ചേസ് ഫയലുകള്‍ ഡിലീറ്റ് ചെയ്തു എന്ന മറുപടി. കൊവിഡിന്റെ തുടക്കത്തില്‍ കൃത്യമായാണ് പര്‍ചേസെങ്കില്‍ എന്തിന് ആ തെളിവുകളും രേഖകളും കംപ്യൂട്ടറില്‍ നിന്ന് നീക്കം ചെയ്യണം എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.