മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അഴിമതി അസാധാരണ സാഹചര്യത്തില്‍ നടന്ന അസാധാരണ കൊള്ള: വിഡി സതീശന്‍
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഇബിയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലും നടന്ന അഴിമതികളെ കുറിച്ച് അന്വേഷിക്കണം. ഈ അഴിമതികള്‍ക്കെതിരെ യുഡിഎഫ് നിയമ നടപടി സ്വീകരിക്കും
തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അഴിമതി അസാധാരണ സാഹചര്യത്തില്‍ നടന്ന അസാധാരണ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മെഡിക്കല്‍ കോര്‍പറേഷനില്‍ നടന്ന കൊള്ളയെയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. അസാധാരണ സാഹചര്യത്തില്‍ നടന്ന അസാധാരണ കൊള്ളയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അസാധാരണ സാഹചര്യത്തില്‍ നടന്ന അസാധാരണ കൊള്ളയെന്നാണ് ഈ അഴിമതിയെ വിശേഷിപ്പിക്കേണ്ടത്. മുഖ്യമന്ത്രി ഇതിനെ ന്യായീകരിച്ചതിലൂടെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൊള്ള നടന്നതെന്ന് ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
550 രൂപയുടെ പി.പി.ഇ കിറ്റ് വാങ്ങാന്‍ ഉത്തരവ് നല്‍കിയ അതേദിവസം തന്നെയാണ് ഒരു കമ്പനി പോലുമല്ലാത്തവര്‍ അയച്ചു കൊടുത്ത മെയിലിന്റെ അടിസ്ഥാനത്തില്‍ 1550 രൂപയ്ക്ക് ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. ഇത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഗുണനിലവാരം കുറഞ്ഞ പി.പി.ഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയിട്ടാണ് മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്നത്. ഓണ്‍ലൈനിലൂടെ ടെണ്ടര്‍ ക്ഷണിക്കാതെയാണ് 12 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്നും ഒരു കോടി ഗ്ലൗസ് വാങ്ങാന്‍ തീരുമാനിച്ചത്. അവര്‍ 40 ലക്ഷം ഗൗസ് മാത്രം നല്‍കി. അതേത്തുടര്‍ന്ന് ഓണ്‍ലൈനില്‍ പരസ്യം നല്‍കി കേരളത്തില്‍ നിന്നും ഏഴ് രൂപയ്ക്ക് ബാക്കി ഗ്ലൗസ് വാങ്ങി. സംസ്ഥാനത്ത് 7 രൂപയ്ക്ക് ഗ്ലൗസ് ലഭ്യമായിരിക്കെയാണ് സംസ്ഥാനത്തിന് പുറത്തുള്ള കമ്പനിയില്‍ നിന്നും 12 രൂപയ്ക്ക് ഗ്ലൗസ് വാങ്ങിയത്. ഇത് അസാധാരണ സാഹചര്യത്തില്‍ നടന്ന അസാധാരണ കൊള്ളയാണ്. അതിനെയാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പര്‍ച്ചേസ് നടത്തിയതെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞിട്ടുണ്ട്. 1500 രൂപയുടെ തെര്‍മ്മോ മീറ്റര്‍ 5500 രൂപയ്ക്കും 7500 രൂപയ്ക്കുമാണ് വാങ്ങിയത്. യു.പിയില്‍ ഇതുപോലുള്ള പര്‍ച്ചേസ് നടന്നിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോള്‍ യു.പിയാണോ കേരളം? കേരളം യു.പി അല്ലെന്നാണ് പ്രതിപക്ഷം എപ്പോഴും പറയുന്നത്.
കെഎസ്ഇബി അഴിമതി
വൈദ്യതി ബോര്‍ഡിലെ അഴിമതി സംബന്ധിച്ച ആരോപണത്തിനും നിയമസഭയില്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. മറുപടി നല്‍കുന്നതിന് പകരം മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയെ കൊണ്ട് ഇപ്പോഴത്തെ മന്ത്രിയെ വിരട്ടിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രി കേട്ടിരിക്കെ വൈദ്യുതി മന്ത്രിക്കും ബോര്‍ഡ് ചെയര്‍മാനും എതിരെ അധിക്ഷേപമാണ് എംഎം മണി നിയമസഭയില്‍ നടത്തിയത്. ഇതൊക്കെ കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ്. മന്ത്രിയുടെ മരുമകന് വരെ സ്ഥലം എഴുതിക്കൊടുത്തു. 15 ദിവസം കൊണ്ട് തട്ടിക്കൂട്ടിയ കമ്പനിക്ക് പെരുമ്പാവൂരില്‍ സ്ഥലം നല്‍കി. നിയമ വിരുദ്ധമായാണ് സ്ഥലം കൈമാറ്റം ചെയ്തതെന്ന് റവന്യൂ മന്ത്രി പറയുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് കെ.എസ്.ഇ.ബിയില്‍ നടക്കുന്നത്. വൈദ്യുതി വാങ്ങുന്നത് റെഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെയാണ്. ഇതിലൂടെ 600 കോടിയോളം രൂപയുടെ നഷ്ടമാണ് എല്ലാവര്‍ഷവും കെ.എസ്.ഇ.ബിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ടെണ്ടര്‍ നടപടി ക്രമങ്ങളുടെ വിവരങ്ങള്‍ എന്‍ജിനീയര്‍മാര്‍ കരാറുകാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണെന്നും ചെയര്‍മാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളിലൂടെയും ക്രമക്കേടുകളിലൂടെയുമാണെന്ന് വ്യക്തമായിരിക്കുകയാണ്. ബോര്‍ഡിനുണ്ടായ ഈ നഷ്ടം ചാര്‍ജ് വര്‍ധിപ്പിച്ച് സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ഇ.ബിയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലും നടന്ന അഴിമതികളെ കുറിച്ച് ഗൗരവമായി അന്വേഷിക്കണം. ഈ അഴിമതികള്‍ക്കെതിരെ യു.ഡി.എഫ് നിയമ നടപടി സ്വീകരിക്കും.
സ്വര്‍ണക്കടത്ത്
സ്വര്‍ണക്കള്ളക്കടത്ത് എവിടെ നിന്ന് തുടങ്ങി ആരിലാണ് അവസാനിച്ചതെന്ന് പ്രതിപക്ഷം പറയുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് അന്വേഷിക്കുന്നത് പ്രതിപക്ഷത്തിന്റെ ജോലിയാണോ? ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഇതേക്കുറിച്ച് എന്ത് അന്വേഷണമാണ് നടത്തിയത്? കള്ളക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അറിയാമായിരുന്നെന്നാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും പ്രതിപക്ഷം സ്വര്‍ക്കടത്തിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കട്ടെ, അവിടെ പ്രതിപക്ഷം മറ്റൊരാളെ നിയമിച്ച് ഇതേക്കുറിച്ചൊക്കെ അന്വേഷണം നടത്താം. പോലിസും കേന്ദ്ര ഏജന്‍സികളുമാണ് അന്വേഷിക്കേണ്ടത്. ബിജെപിയുമായി സിപിഎം ധാരണയിലെത്തിയപ്പോഴാണ് സ്വര്‍ണക്കടത്തില്‍ അന്വേഷണം അവസാനിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഡോളര്‍ കടത്ത് നടന്നതെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷോ കോസ് നോട്ടീസ് നല്‍കിയെന്ന് കസ്റ്റംസ് കമ്മിഷണല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഈ ഇതു സംബന്ധിച്ച് പിന്നീട് ഒരു അന്വേഷണവും നടന്നില്ല. ബിജെപി നേതൃത്വവും മുഖ്യമകുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തേനെ. എന്ത് തുടരന്വേഷണമാണ് ക്സ്റ്റംസ് നടത്തിയത്? എന്തുകൊണ്ടാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്? മുഖ്യമന്ത്രി ബിജെപി നേതൃത്വവുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയെ തുടര്‍ന്നാണ് ലാവലിന്‍ കേസില്‍ പോലും നടപടിയുണ്ടാകാത്തത്. കേസ് എടുക്കാന്‍ സി.ബി.ഐ സമ്മതിക്കില്ല. ലാവലിന്‍ കേസിലും സ്വര്‍ണക്കടത്ത് കേസിലും കേരളത്തിലെ സിപിഎമ്മിന് കേന്ദ്രത്തിലെ ബി.ജെ.പിയുമായി ധാരണയുണ്ട്. എല്ലാം പുറത്തുവരുമെന്ന് ഭയന്നാണ് നിയമസഭയില്‍ പോലും ചര്‍ച്ച ചെയ്യാന്‍ തയാറാകാത്തത്.
ഗ്രൂപ്പ് യോഗം
പാര്‍ട്ടിയിലെ പുനഃസംഘടന നടക്കുന്നതിനാല്‍ എല്ലാ വിഭഗത്തില്‍പ്പെട്ടവരും കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും സന്ദര്‍ശിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട നില്‍ക്കുന്ന സഹപ്രവര്‍ത്തകര്‍ കെപിസിസി പ്രസിഡന്റിനെ കണ്ടു. അവര്‍ പ്രതിപക്ഷ നേതാവിനെയും കാണമെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ ജില്ലകളില്‍ നിന്നുള്ളവരും ഇവിടെ എത്താറുണ്ട്. ഇതൊക്കെ എങ്ങനെ ഗ്രൂപ്പ് യോഗമാകും? എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നതെന്ന് വ്യക്തമായി അറിയാം. സര്‍ക്കാരിന്റെ തെറ്റായ ചെയ്തികള്‍ തുറന്നുകാട്ടിയുള്ള ശക്തമായ പോരാട്ടത്തിലേക്ക് പാര്‍ട്ടി കടക്കുന്നതിനിടെ പിറകില്‍ നിന്നും വലിക്കുന്ന കുത്സിത പ്രവര്‍ത്തികളാണിത്. ആര് വിളിച്ച് പറഞ്ഞിട്ടാണ് വാര്‍ത്ത വന്നതെന്ന് മാധ്യമങ്ങള്‍ക്ക് നന്നായി അറിയാം. സില്‍വര്‍ ലൈനില്‍ ഉള്‍പ്പെടെ പാര്‍ട്ടി ശക്തമായ സമരമുഖത്തേക്ക് പോകുന്നതില്‍ അസ്വസ്ഥതയുള്ള ആരെങ്കിലുമായിരിക്കാം ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍. വിശ്വകര്‍മ്മ വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനത്തിന് ക്ഷണിക്കാനാണ് ടിയു രാധാകൃഷ്ണന്‍ വന്നത്. വെറെ ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. നിയമസഭയില്‍ യു.ഡി.എഫ് ഒരു പാര്‍ട്ടിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവരുമായി കൂടിയാലോചിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇതു പോലെ ഘടകകക്ഷികള്‍ ഒന്നിച്ചു നിന്ന ഒരു കാലഘട്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.