മുകേഷിന് മേല്‍ ചെളിവാരിയെറിയാന്‍ ആഗ്രഹിക്കുന്നില്ല; വിവാഹമോചനത്തിന് നോട്ടീസ് അയച്ച് ഭാര്യ മേതില്‍ ദേവിക

ഗാര്‍ഹിക പീഡനാരോപണം നോട്ടീസില്‍ ഉന്നയിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് നിയമനടപടികളിലേക്ക് പോയത്. പരാതി വ്യക്തിപരമാണ്, പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദേവിക പറഞ്ഞു.

Update: 2021-07-27 11:45 GMT

കൊല്ലം:  നടനും കൊല്ലം എംഎല്‍എയുമായ എം മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക വിവാഹമോചനത്തിന് നോട്ടീസ് നല്‍കി. നര്‍ത്തകി കൂടിയായ ദേവിക തന്നെയാണ് ഇക്കാര്യം ഇപ്പോള്‍ മാധ്യമങ്ങളെ അറിയിച്ചത്.

'മുകേഷിന് മേല്‍ ചെളിവാരിയെറിയാന്‍ ആഗ്രഹിക്കുന്നില്ല.ഗാര്‍ഹിക പീഡനാരോപണം നോട്ടീസില്‍ ഉന്നയിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് നിയമനടപടികളിലേക്ക് പോയത്. പരാതി വ്യക്തിപരമാണ്, പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല'- ദേവിക പറഞ്ഞു. 

'പിന്നെ ഗാര്‍ഹിക പീഡനം എന്ന് പറയുന്നത് എല്ലാം വളരെ ശക്തമായ വാക്കുകളാണ്. എനിക്ക് മുകേഷിനെതിരെ ആരോപണങ്ങളുണ്ടെങ്കിലും ഗാര്‍ഹിക പീഡനം അതില്‍ പെടുന്നില്ല. ബന്ധം വേര്‍പിരിയുന്ന കാര്യത്തില്‍ മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. ഞാനാണ് നോട്ടീസ് അയച്ചത്. പിന്നെ എല്ലാവരും ദേഷ്യപ്പെട്ടാണ് ബന്ധം പിരിയുന്നത് എന്ന് കരുതി ഞങ്ങളും അങ്ങനെ തന്നെ ആവണം എന്നുണ്ടോ. പണ്ടത്തെ പോലെ അല്ലെങ്കിലും അദ്ദേഹത്തോട് ഇപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. പിന്നെ ഈ ഒരു സമയം വളരെ ബുദ്ധിമുട്ടേറിയതാണ്. ഞാന്‍ ഇങ്ങനെ എല്ലാം സംസാരിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായ വ്യക്തിയാണ് അദ്ദേഹം. യഥാര്‍ത്ഥത്തില്‍ ഞാന്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനം കണക്കിലെടുത്താണ് ഞാന്‍ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതയാവുന്നത്.

ബന്ധം വേര്‍പിരിഞ്ഞാല്‍ എല്ലാ തീര്‍ന്നു എന്നതെല്ലാം പഴയ ചിന്താഗതിയാണ്. എല്ലാ ബന്ധങ്ങളും വിലപ്പെട്ടത് തന്നെയാണ്. ഇതിലൂടെ അദ്ദേഹത്തിന്റെ മേല്‍ ചളി വാരി ഇടാനൊന്നും എനിക്ക് താത്പര്യമില്ല. അദ്ദേഹത്തിനും അത് പോലെ തന്നെയായിരിക്കും. പിന്നെ വിവാഹം ബന്ധം പിരിയുക എന്ന് പറയുന്നത് എനിക്കും മുകേഷ് ഏട്ടനും ഒരുപോലെ വേദനയുള്ള കാര്യമാണ്. ഈ ഒരു സമയം സമാധാനത്തോടെ കടന്ന് പോകാന്‍ നിങ്ങളെല്ലാവരും അനുവദിക്കണം. കാരണം ഒരുപാട് വികാരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കാര്യമാണിത്. അപ്പോള്‍ അദ്ദേഹത്തെ ഇതിന്റെ പേരില്‍ കുറ്റക്കാരനാക്കരുത്. ഒരു മുതിര്‍ന്ന താരവും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് അദ്ദേഹം. പക്ഷെ അതുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ല. എന്റെ വീട്ടിലെ പ്രശ്‌നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞേനെ. പക്ഷെ അതിന് കേരളവുമായി ഒരു ബന്ധവുമില്ല.'

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ നേരത്തെ, മുകേഷ്-ദേവിക ബന്ധത്തില്‍ ഗാര്‍ഹിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മേതില്‍ ദേവിക രംഗത്ത് വന്നത്.  അതേസമയം, ദേവികയുടെ നോട്ടീസിനോട് പ്രതികരിക്കാന്‍ എം മുകേഷ് എംഎല്‍എ വിസമ്മതിച്ചു.

കൊല്ലം എംഎല്‍എ മുകേഷ് നേരത്തെ നടി സരിതയുമായി 25 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് നേടിയ ശേഷമാണ് മേതില്‍ ദേവികയെ വിവാഹം കഴിച്ചത്.


Tags:    

Similar News