മെട്രോ ഡയറിഫാം ഓഹരി വിവാദം: ബംഗാള്‍ സര്‍ക്കാരിനെ കോടതിയില്‍ ന്യായീകരിച്ച ചിദംബരത്തിനെതിരേ കോണ്‍ഗ്രസ് അഭിഭാഷകരുടെ പ്രതിഷേധം
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ പി ചിദംബരത്തിനെതിരേ കല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം. ബംഗാള്‍ സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതാവ് അധിര്‍ ചൗധരി നല്‍കിയ കേസില്‍ എതിര്‍ കക്ഷിയായ സ്വകാര്യ ഡയറി ഫാമിനുവേണ്ടി ഹാജരായി സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ചതിനെതിരേയാണ് കോണ്‍ഗ്രസ് അനുഭാവികളായ അഭിഭാഷകര്‍ ചിദംബരത്തെ തടയുകയും ചീത്തവിളിക്കുകയും ചെയ്തത്.
മെട്രോ ഡയറി ഓഹരികള്‍ ചുളുവിലക്ക് വിറ്റഴിച്ചെന്ന കേസിലാണ് ചിദംബരം ഓഹരി വാങ്ങിയ കെവെന്‍ഡര്‍ എന്ന കമ്പനിക്കുവേണ്ടി ഹാജരായത്. ഓഹരി വിറ്റഴിക്കലില്‍ സര്‍ക്കാര്‍ അഴിമതിനടത്തിയെന്ന് ആരോപിച്ചുകൊണ്ട് ബംഗാള്‍ കോണ്‍ഗ്രസ് മേധാവി അധിര്‍ ചൗധരിയാണ് കേസ് നല്‍കിയത്.
പാര്‍ട്ടിയുടെ വികാരങ്ങളെ മാനിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഇത്തരം നേതാക്കളാണ് കോണ്‍ഗ്രസ്സിന്റെ അപചയത്തിന് കാരണമെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചിദംബരം ഗോബാക്ക് മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ മുഴക്കി.
ഡയറി ഫാം ഓഹരി വില്‍പ്പന സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് ചൗധരിയുടെ അഭിഭാഷകന്‍ ബികാഷ് ഭട്ടാചാര്യ വാദിച്ചു. കെവെന്‍ഡര്‍ വാങ്ങിയ ഓഹരികളിലൊരുഭാഗം സിംഗപ്പൂരിലെ ഒരു കമ്പനിക്ക് വിറ്റതായി ബികാഷ് പറഞ്ഞു.
ഇതൊരു സ്വതന്ത്രരാജ്യമാണെന്ന് ചിദംബരം പറഞ്ഞു. ഒരു അഭിഭാഷകനെന്ന നിലയില്‍ ആര്‍ക്കുവേണ്ടിയും ഹാജരാകാന്‍ ചിദംബരത്തിന് അവകാശമുണ്ടെന്നും അതേസമയം കോണ്‍ഗ്രസ്സുകാര്‍ അവരുടെ വികാരമാണ് പ്രകടിപ്പിച്ചതെന്നും ചൗധരി പറഞ്ഞു.