ബംഗളൂരു: ബംഗളൂരു വൈറ്റ് ഫീല്‍ഡിലെ ബ്രൂക്ക്ഫീല്‍ഡില്‍ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്‍ഐഎക്ക് കൈമാറിയതിന് പിന്നാലെ എഫ്‌ഐആര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു. രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലോക്കല്‍ പോലിസില്‍ നിന്ന് ശനിയാഴ്ചയാണ് കേസിന്റെ അന്വേഷണം കര്‍ണാടക പോലിസിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബ്രാഞ്ച് (സിസിബി) ഏറ്റെടുത്തത്. എന്‍എസ്ജിയുടെ ബോംബ് വിദഗ്ധ സംഘവും എന്‍ഐഎ ടീമും സ്ഥലത്ത് പരിശോധന നടത്തി. എന്‍എസ്ജിയുടെ ബോംബ് വിദഗ്ധ സംഘവും എന്‍ഐഎ ടീമും ശനിയാഴ്ച സിസിബി സംഘത്തിനൊപ്പം സ്‌ഫോടന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒമ്പതു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്.