പാല്‍ ലിറ്ററിന് 8.57 രൂപ കൂട്ടാന്‍ മില്‍മയുടെ ശുപാര്‍ശ

Update: 2022-11-14 11:30 GMT

തിരുവനന്തപുരം: മില്‍മ പാല്‍ ലിറ്ററിന് 8.57 രൂപ കൂട്ടാന്‍ വില നിര്‍ണയസമിതി ശുപാര്‍ശ ചെയ്തു. പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ മില്‍മ ചൊവ്വാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും. പാല്‍ വില വര്‍ധനവിന്റെ 82 ശതമാനം കര്‍ഷകര്‍ക്ക് കൊടുക്കാനാണ് ശുപാര്‍ശ. ഈ മാസം 21ന് മുമ്പ് വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുത്തണമെന്നും അല്ലെങ്കില്‍ ഡിസംബര്‍ മാസം തുടങ്ങുന്നതിന് മുമ്പുതന്നെ അന്തിമതീരുമാനമെടുക്കണമെന്നും ശുപാര്‍ശയിലുണ്ട്.

ലിറ്ററിന് ഏഴ് മുതല്‍ എട്ടുരൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് ക്ഷീരകര്‍ഷകരുടെ നിലപാട്. ഇന്ന് പാലക്കാട്ട് ചേര്‍ന്ന മില്‍മയുടെ യോഗം വിലനിര്‍ണയ സമിതിയുടെ റിപോര്‍ട്ട് അംഗീകരിച്ചു. തൊഴിലാളി യൂനിയന്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ തവണ ലിറ്ററിന് നാലുരൂപ വരെ വര്‍ധിപ്പിച്ചപ്പോള്‍ കമ്മീഷന്‍ കഴിഞ്ഞ് മൂന്നുരൂപ 66 പൈസ മാത്രമേ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നുള്ളൂ. ആറ് രൂപയെങ്കിലും കൈയില്‍ കിട്ടുന്ന തരത്തില്‍ വില വര്‍ധിപ്പിക്കണമെന്നാണ് സമിതിയുടെ നിര്‍ദേശത്തില്‍ പറയുന്നത്.

കഴിഞ്ഞ തവണ പാല്‍വില നാലുരൂപ കൂട്ടിയപ്പോഴും പ്രയോജനമുണ്ടായില്ലെന്ന് കര്‍ഷകര്‍ സമിതിക്ക് മുന്നില്‍ പരാതിപ്പെട്ടു. നിലവിലുള്ള ഇന്‍ഷുറന്‍സ് സ്‌കീം പര്യാപ്തമല്ലാത്ത പശ്ചാത്തലത്തില്‍ കന്നുകാലി ഇന്‍ഷ്വറന്‍സ് നടപ്പാക്കണം, ഉള്‍പ്രദേശങ്ങളിലേക്ക് കൂടുതല്‍ വെറ്ററിനറി സേവനങ്ങള്‍ വ്യാപിപ്പിക്കണം, സൈലേജ് അഥവാ സമ്പുഷ്ടീകരിച്ച വൈക്കോല്‍ കൂടുതല്‍ വ്യാപിപ്പിക്കണം, കാലിത്തീറ്റയുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും സമിതിയുടെ റിപോര്‍ട്ടിലുണ്ട്.

Tags:    

Similar News