'ഇടം' പദ്ധതി നാടിനെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Update: 2022-08-11 15:17 GMT

കോഴിക്കോട്: നാടിനെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുന്ന പദ്ധതിയാണ് ഇടമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പദ്ധതിയുടെ ഭാഗമായി നല്ലളം ഗവ. ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ന്യായമായ ആവശ്യത്തിനുള്ള പരിഹാരമാണ് 'ഇടം'.ഓരോ ഇടത്തിലും മാനസിക സമ്മര്‍ദമില്ലാതെ തുടരാന്‍ ഇത്തരം സ്ത്രീ സൗഹൃദ കേന്ദ്രങ്ങള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂര്‍ മണ്ഡലത്തിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് 'ഇടം'.പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പരിപാലനവും മാനസിക ഉല്ലാസവും ലക്ഷ്യമിട്ടാണ് പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ വിശ്രമ കേന്ദ്രം ഒരുക്കിയത്.മികച്ച ശുചിമുറി സൗകര്യത്തിനൊപ്പം, കിടക്കകളോടുകൂടിയ രണ്ടു കട്ടില്‍, കസേരകള്‍, നാപ്കിന്‍ വെന്‍ഡിങ് യന്ത്രം, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്.

കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് 16.2 ലക്ഷം രൂപ ചെലവിട്ടാണ് 'ഇടം' നിര്‍മ്മിച്ചത്.ബേപ്പൂര്‍ മണ്ഡലത്തിലെ എല്ലാ പ്രധാന സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ഇടം സൗഹൃദ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കും.

ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പിസി രാജന്‍ അധ്യക്ഷത വഹിച്ചു. കെ എസ് സി സി റീജിയണല്‍ മാനേജര്‍ നീന സൂസന്‍ പുന്നന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ റഫീന അന്‍വര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം സിന്ധു,ബേപ്പൂര്‍ മണ്ഡലം ഡെവലപ്‌മെന്റ് മിഷന്‍ പ്രതിനിധി ജയപ്രകാശന്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.സെലീന, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് കെ. ഷലീല്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് പി യമുന നന്ദിയും പറഞ്ഞു.

Tags:    

Similar News