കലാ പ്രതിഭകളെ സ്വീകരിക്കാൻ കോഴിക്കോട് ഒരുങ്ങി: മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരള സ്കൂൾ കലോത്സവത്തിന്റെ വേദികളുടെ താക്കോൽ കെെമാറി

Update: 2023-01-01 15:01 GMT

കോഴിക്കോട്:

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിനെത്തുന്ന കലാ പ്രതിഭകളെയും അവർക്കൊപ്പമുള്ളവരെയും സ്വീകരിക്കാൻ കോഴിക്കോട് ഒരുങ്ങി കഴിഞ്ഞെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സ്റ്റേജ് ആന്റ് പന്തൽ കമ്മിറ്റിയിൽ നിന്ന് വേദികളുടെ താക്കോൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒന്നര മാസത്തോളമായി കലോത്സവത്തിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ഓരോ കമ്മിറ്റികളുടെയും പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കുന്നത് ഏറെ സന്തോഷം നൽകുന്നുണ്ട്. കമ്മിറ്റി ഭാരവാഹികളുടെ പ്രവർത്തനത്തെയും മന്ത്രി അഭിനന്ദിച്ചു.

239 ഇനങ്ങളിലായി 14000 -ഓളം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. 24 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. മത്സരവേദികൾക്ക് സാഹിത്യത്തിലെ ഭാവന ഭൂപടങ്ങൾ അടങ്ങിയ പേരുകളാണ് നിശ്ചയിച്ചിട്ടുള്ളത്. കലോത്സവ വേദികളിലേക്ക് സുഗമമായി എത്തുന്നതിന് ഗൂഗിൾ മേപ്പും ഒരുക്കിയിട്ടുണ്ട്.

വിക്രം മൈതാനത്തിൽ നടന്ന ചടങ്ങിൽ പ്രോ​ഗ്രാം കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ.കെ വിജയൻ എം.എൽ.എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, ഡി.ഡി.ഇ കെ. മനോജ്‌ കുമാർ, എ.ഡി.പി.ഐമാരായ സി.എ സന്തോഷ്, ഷെെൻ മോൻ, സ്റ്റേജ് ആന്റ് പന്തൽ കമ്മിറ്റി കൺവീനർ കരീം പടുകുണ്ടിൽ, വിവിധ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

Similar News