ലഹരിക്കെതിരേ വേണ്ടത് ജനകീയ പോരാട്ടമെന്ന് മന്ത്രി പി രാജീവ്

Update: 2021-06-27 08:41 GMT

കൊച്ചി: ലഹരിക്കെതിരായ പോരാട്ടം ജനകീയമാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കുന്നത്തുനാട്ടിലെ സ്‌കൂളുകളെ പങ്കെടുപ്പിച്ച് ഒണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സംവിധാനങ്ങളും പ്രാദേശീക ഭരണകൂടങ്ങളും ഇതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. കൂടുതല്‍ ജനകീയമാക്കുക വഴി ലഹരി വിരുദ്ധ ചിന്ത സമൂഹത്തില്‍ സജീവമാകാനും അത് വഴി ലഹരിമാഫിയയുടെ വേരറുക്കാനും കഴിയും. ലഹരി വിരുദ്ധ സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിമുക്തി ലഹരി വര്‍ജന മിഷന്‍ നടപ്പാക്കുന്ന പദ്ധതികള്‍ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഡ്വ.പി.വി.ശ്രീനിജിന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ടി.എ. അശോക് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, വടവുകോട് ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജൂബിള്‍ ജോര്‍ജ്, സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി ഇന്ദിരാ രാജന്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഹണി അലക്‌സാണ്ടര്‍, കുടുംബശ്രീ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ എം.ബി പ്രീതി, എന്‍.എസ് എസ്. ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ പൗലോസ്, എച്ച്.എം.ഫോറം സെക്രട്ടറി അനിയന്‍.പി.ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

വിമുക്തി മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ കെ.എ. ഫൈസല്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന ക്ലാസിന് മൂവാറ്റുപുഴ വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ബിബിന്‍ ജോര്‍ജ് നേതൃത്വം നല്‍കി. എസ്. എ.ബി.റ്റി.എം. സ്‌കൂള്‍ അധ്യാപിക ഷഫ്‌ന സലീം മോഡറേറ്ററായി. കുന്നത്തൂനാട് നിയോജക മണ്ഡലത്തിലെ 14 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന പ്രചാരണ -ബോധവല്‍ക്കരണ പരിപാടികളാണ് ജില്ലയില്‍ വിമുക്തി ലഹരി വര്‍ജന മിഷന്‍ സംഘടിപ്പിക്കുന്നത്.

Tags:    

Similar News