എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയം:യുഡിഎഫ് ശ്രമിക്കുന്നത് സഭയെ അവഹേളിക്കാന്‍: മന്ത്രി പി രാജീവ്
നിക്ഷിപ്ത താല്‍പര്യക്കാരാണ് സഭാ നേതൃത്വത്തെ വലിച്ചിഴച്ചതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡൊമിനിക് പ്രസന്റേഷനും പറഞ്ഞത് യുഡിഎഫ് നേതൃത്വത്തിനുള്ള മറുപടിയാണെന്നും രാജീവ് പറഞ്ഞു
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സഭയെ വലിച്ചിഴച്ച് അപഹസിക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡി എഫിന്റെ ചെലവില്‍ സഭാ നേതൃത്വത്തെയും സഭയുടെ കീഴിലുള്ള ആശുപത്രിയേയും അവഹേളിക്കാനുള്ള യുഡിഎഫ് ശ്രമം അവസാനിപ്പിക്കണം. നിക്ഷിപ്ത താല്‍പര്യക്കാരാണ് സഭാ നേതൃത്വത്തെ വലിച്ചിഴച്ചതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡൊമിനിക് പ്രസന്റേഷനും പറഞ്ഞത് യുഡിഎഫ് നേതൃത്വത്തിനുള്ള മറുപടിയാണെന്നും രാജീവ് പറഞ്ഞു.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ലെനിന്‍ സെന്ററിലാണെന്ന് എല്ലാവരും കണ്ടതാണ്. തീരുമാനം പ്രഖ്യാപിച്ചശേഷം തങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ അറിയിക്കാന്‍ ചെന്നപ്പോള്‍ അവരാണ് തങ്ങളോട് ഇരിക്കാന്‍ പറഞ്ഞത്. സ്വന്തം സ്ഥാപനത്തിലെ ഡോക്ടര്‍ക്ക് ലഭിച്ച അംഗീകാരത്തില്‍ സന്തോഷിച്ച് ആശുപത്രി ഡയറക്ടറായ ഫാദര്‍ പോള്‍ കരേടന്‍, ഡോക്ടര്‍ക്ക് ബൊക്കെ നല്‍കി സംസാരിച്ചതില്‍ എന്താണ് തെറ്റ്? വൈദികന്‍ എന്ന നിലയിലല്ല; ആശുപത്രി ഡയറക്ടര്‍ എന്ന നിലയിലാണ് അദ്ദേഹം ഡോക്ടറെക്കുറിച്ച് സംസാരിച്ചത്. അതിന്റെ പേരില്‍ ജാതി, മത ഭേദമെന്യേ പാവപ്പെട്ട രോഗികള്‍ക്ക് ഹൃദ്‌രോഗത്തിനുള്‍പ്പടെ കുറഞ്ഞ ചെലവില്‍ ചികില്‍സ നല്‍കുന്ന ആശുപത്രിയെ തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.
തൃക്കാക്കരയിലേക്കുള്ള മെട്രോ റെയിലിന് അനുമതി നല്‍കാത്ത കേന്ദ്ര ബിജെപി സര്‍ക്കാരിനെതിരെ ഒരക്ഷരം പറയാന്‍ പ്രതിപക്ഷ നേതാവ് തയ്യാറുണ്ടോ എന്ന് മന്ത്രി പി രാജീവ് ചോദിച്ചു. കെ റെയിലിന് അനുമതി നല്‍കരുതെന്ന് പറഞ്ഞ് ഡല്‍ഹി പോലിസുമായി ഏറ്റുമുട്ടിയ പ്രതിപക്ഷ എംപിമാരില്‍ ഒരാളെങ്കിലും തൃക്കാക്കരയിലേക്കുള്ള മെട്രോയ്ക്ക് അനുമതിയ്ക്കായി സത്യഗ്രഹത്തിനു തയ്യാറായോ? അതിനു പകരം പദ്ധതിക്കുവേണ്ടി സമരം ചെയ്ത തങ്ങളെക്കുറിച്ച് നുണപറയുന്ന പ്രതിപക്ഷ നേതാവിന് അടുത്തകാലത്തെ ചരിത്രംമാത്രമേ അറിയാവൂ എന്നും പി രാജീവ് പറഞ്ഞു.
ഗെയില്‍ പൈപ്പിടുമ്പോള്‍ ഭൂമിക്കടിയില്‍ ബോംബാണ് കുഴിച്ചിടുന്നതെന്ന് താന്‍ പറഞ്ഞെന്ന് തെളിയിക്കാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുകയാണ്. കൊച്ചി മെട്രോ ആദ്യ ഘട്ടത്തിനു അനുമതി തേടി തങ്ങള്‍ സമരം ചെയ്തിട്ടുണ്ട്. ജസ്റ്റിസ് കൃഷ്ണയ്യര്‍ക്കൊപ്പം പ്രധാനമന്ത്രിയെക്കണ്ടിട്ടുണ്ട്. ഗെയില്‍ സ്ഥലമെടുപ്പില്‍ ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന് പറഞ്ഞ് സമരം ചെയ്തിട്ടുണ്ട്. 10 ശതമാനം വിലയ്ക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഏറ്റെടുക്കാനിരുന്ന സ്ഥലം 100 ശതമാനം വിലയ്ക്ക് പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തത് അങ്ങനെയാണ്. അല്ലാതെ പദ്ധതിക്കെതിരെ സമരം ചെയ്തിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.