വിമര്‍ശനങ്ങള്‍ സ്വാഭാവികം; സിനിമയുടെ പരസ്യത്തെ ആ നിലയിലെടുക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ്

ക്രിയാത്മകമായ വിമര്‍ശനങ്ങളെയും നിര്‍ദേശങ്ങളെയും സ്വാഗതം ചെയ്യും

Update: 2022-08-11 10:02 GMT

തിരുവനന്തപുരം: 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമാ പോസ്റ്ററിലെ പരസ്യവാചകത്തെ പരസ്യമെന്ന നിലയില്‍ കണ്ടാല്‍ മതിയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. സിനിമയുടെ പരസ്യത്തെ ആ നിലയിലെടുക്കണം. ചിത്രത്തിനെതിരെയുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ചറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരളമുണ്ടായ സമയം മുതലുള്ള പ്രശ്‌നമാണ് റോഡുകളുടേത്. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സുതാര്യമായ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം. ക്രിയാത്മകമായ വിമര്‍ശനങ്ങളെയും നിര്‍ദേശങ്ങളെയും സ്വാഗതം ചെയ്യുമെന്നും വ്യക്തിക്കോ സംഘടനക്കോ സിനിമക്കോ വിമര്‍ശിക്കാമെന്നും മന്ത്രി പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സൈബര്‍ ആക്രമണമുണ്ടായാല്‍ സിനിമ കൂടുതല്‍ പേര്‍ കാണുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നമ്മള്‍ കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായിട്ട് കാണുകയാണെങ്കില്‍ സ്മൂത്ത് ആയിട്ട് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നായിരുന്നു വിഷയത്തില്‍ കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

Tags:    

Similar News