നിര്‍മാണ രംഗത്ത് പുതിയ ഡിസൈന്‍ പോളിസി നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കെട്ടിട നിര്‍മാണ മേഖലയില്‍ പൊതുമരാമത്ത് വകുപ്പ് പുതിയ ഡിസൈന്‍ പോളിസി നടപ്പാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതിന്റെ പ്രതിഫലനം വരും നാളുകളില്‍ കാണാനാകുമെന്നും മന്ത്രി. നെടുമങ്ങാട് നിര്‍മിക്കുന്ന പുതിയ റവന്യൂടവറിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളോടു കറയറ്റ പ്രതിജ്ഞാബദ്ധത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാണിക്കണം. ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ജോലി ചെയ്യണമെങ്കില്‍ അവര്‍ക്ക് ഓഫിസുകളില്‍ അതിനുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കണം. പൊതു മരാമത്ത് വകുപ്പ് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ ഇത്തരത്തിലുള്ളവയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനകര്‍മ പരിപാടിക്ക് ജനങ്ങളുടെ 100 ല്‍ 100 മാര്‍ക്ക് നേടാന്‍ കഴിഞ്ഞതായി പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. വികസന മേഖലയിലുള്ള ഈ സര്‍ക്കാരിന്റെ കാഴ്ചപ്പാട് ഏറ്റവും പുതിയതും പ്രായോഗികവുമാണന്നും മന്ത്രി പറഞ്ഞു.
നാലുനിലകളിലായി 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 10 കോടിയോളം രൂപ ചെലവഴിച്ചാണ് റവന്യൂ ടവര്‍ നിര്‍മിക്കുന്നത്. ഓരോ നിലക്കും 5,810 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. അംഗപരിമിതര്‍ക്കുള്ള പ്രത്യേക റാമ്പ് , ലിഫ്റ്റ്, രണ്ട് ഗോവണികള്‍ എന്നിവയും ടവറിലുണ്ടാകും. 18 മാസം കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.