മന്ത്രി സജി ചെറിയാന്റെ വ്യക്തിഹത്യ പരാമര്‍ശം: അനുപമയുടെ പരാതിയില്‍ പരിശോധന നടത്താന്‍ സിറ്റി പോലിസ് കമീഷണറുടെ നിര്‍ദേശം
തിരുവനന്തപുരം: സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍ വ്യക്തിഹത്യ നടത്തിയെന്ന അനുപമയുടെ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താന്‍ തിരുവനന്തപുരം സിറ്റി പോലിസ് കമീഷണറുടെ നിര്‍ദേശം. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രസംഗം നടന്നത് ശ്രീകാര്യം പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണെന്നതിനാല്‍ അനുപമയുടെ പരാതി പേരൂര്‍ക്കട പോലിസ് ശ്രീകാര്യം പോലിസിന് കൈമാറി. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും പോലിസിന്റെ തുടര്‍നടപടി.
ദത്ത് വിവാദത്തില്‍ അനുപമയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പിന്നോട്ട് പോകാതെയാണ് മന്ത്രി സജി ചെറിയാന്‍ ഇന്നും പ്രതികരിച്ചത്. വിവാദപരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ അനുപമയും അജിത്തും പരാതി നല്‍കിയിട്ടും പരാമര്‍ശം വിവാദമായിട്ടും സജി ചെറിയാന്‍ തിരുത്താന്‍ തയ്യാറായിട്ടില്ല. തന്റെ അഭിപ്രായപ്രകടനം രക്ഷിതാവ് എന്ന നിലയിലാണെന്നും ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. പ്രസംഗത്തില്‍ ആരുടെയും പേര് എടുത്ത് പറഞ്ഞില്ലെന്നും നാട്ടിലെ സംഭവം പൊതുവായി പറഞ്ഞതാണെന്നുമാണ് മന്ത്രിയുടെ വാദം.