ഒടിടി പ്ലാറ്റ്‌ഫോം നിയന്ത്രണത്തിന് പുതിയ നിയമവുമായി വാര്‍ത്താവിനിമയ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തെ ഓവര്‍ ദി ടോപ് (ഒടിടി) പ്ലാറ്റ്‌ഫോം നിയന്ത്രണത്തിന് പുതിയ സംവിധാനമുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി റിപോര്‍ട്ട്. വാര്‍ത്താ വിനിമയ മന്ത്രാലയമാണ് ഇതു സംബന്ധിച്ച നീക്കങ്ങള്‍ നടത്തുന്നത്. ഓവര്‍ ദി ടോപ് പ്ലാറ്റ്‌ഫോമിലെ സിനിമ, വെബ് സീരിസ് തുടങ്ങിയവയുടെ ഉള്ളടക്കവും ന്യൂസ് വെബ്‌സൈറ്റുകളുമാണ് നിയന്ത്രിക്കാനൊരുങ്ങുന്നത്. നിലവില്‍ രാജ്യത്ത് 40ഓളം ഒടിടി പ്ലാറ്റ്‌ഫോമുകളും നൂറുകണക്കിന് ന്യൂസ് സൈറ്റുകളുമുണ്ട്. ഒടിടിയില്‍ പലതും ബഹുരാഷ്ട്രകമ്പനികളുടേതാണ്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ ബഹുരാഷ്ട്രക്കമ്പനികള്‍ ഈ രംഗത്ത് സജീവമാണ്.
നിലവില്‍ 20 കോടി ഉപഭോക്താക്കളുള്ള ഈ രംഗത്ത് 1000 കോടിയുടെ ബിസിനസ്സാണ് ഒരു വര്‍ഷം നടക്കുന്നത്.
ഇതില്‍ പലരും സംബ്‌സ്‌ക്രിപ്ഷന്‍ മോഡിലും ചിലര്‍ ഓരോന്നിനും പണമീടാക്കുന്ന രീതിയിലുമാണ് പ്രവപര്‍ത്തിക്കുന്നത്. ചിലര്‍ സൗജന്യമായും ഉപഭോക്താക്കള്‍ക്ക് കാണാനുളള അനുമതി നല്‍കുന്നുണ്ട്.
ഒടിടി വഴി വരുന്ന ഉള്ളടക്കങ്ങളെ സ്വയം നിയന്ത്രിക്കുന്ന രീതി കൊണ്ടുവരാനും പരാതി ലഭിക്കുകയാണെങ്കില്‍ നിയമപരമായി നേരിടാനുമാണ് ഉദ്ദേശ്യം. ഒടിടി വഴി വരുന്ന ഉള്ളടക്കങ്ങള്‍ മൃദുവായി അശ്ലീലം കാണിക്കുന്നുവെന്ന പരാതി വ്യാപകമാണ്.
നിലവില്‍ അച്ചടിമാധ്യമങ്ങളെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും സിനിമാ മേഖലയില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ആന്റ് ടി വി ചാനല്‍സും, കേബിള്‍ ടിവി രംഗത്ത് ദി കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് റെഗുലേഷന്‍ ആക്റ്റുമാണ് ഉള്ളത്. ഡിജിറ്റല്‍ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നതിനുളള ഏജന്‍സി നിലവിലില്ല. ഈ ശൂന്യത നികത്താനാണ് സര്‍ക്കാരിന്റെ ശ്രമം.