കാണാതായ അലിഗഢ് സര്‍വകലാശാല വിദ്യാര്‍ഥിയെ ഇനിയും കണ്ടെത്താനായില്ല
കഴിഞ്ഞ ചൊവ്വാഴ്ചയാണ് 26 കാരനായ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് അഷ്‌റഫ് അലിയെ കാണാതായത്. എഎംയു അധികൃതര്‍ ബുധനാഴ്ച ഇതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കി.
അലിഗഢ്: ദിവസങ്ങള്‍ക്കു മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ അലിഗഢ് മുസ്‌ലിം സര്‍വകലാശാല (എഎംയു) വിദ്യാര്‍ത്ഥിയെ ഇനിയും കണ്ടെത്താനായില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 26 കാരനായ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് അഷ്‌റഫ് അലിയെ കാണാതായത്. എഎംയു അധികൃതര്‍ ബുധനാഴ്ച ഇതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കി.
ബിഹാറിലെ അരാരിയ ജില്ലക്കാരനായ അഷ്‌റഫ് അലിയെ ചൊവ്വാഴ്ച ഷംഷാദ് മാര്‍ക്കറ്റില്‍ വച്ച് ചില യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നതായി പോലിസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അഷ്‌റഫ് അലി ഹോസ്റ്റല്‍ മുറിയില്‍നിന്നിറങ്ങിയതെന്ന് അദ്ദേഹത്തിന്റെ റൂം മേറ്റായ അംജദ് അലി പറഞ്ഞു. അഷ്‌റഫ് എലി എവിടെയാണെന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണെന്നും അംജദ് അലി പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെ അഷ്‌റഫിന്റെ സെല്‍ ഫോണ്‍ ഏതാനും മിനുറ്റുകള്‍ ഓണായിരുന്നുവെങ്കിലും പിന്നീട് വീണ്ടും ഫോണ്‍ ഓഫാക്കി.
'വിവര്‍ത്തകന്റെ ജോലിക്കായി സര്‍ക്കാര്‍ പരീക്ഷ ഫെബ്രുവരി 28 ന് നിശ്ചയിച്ചിരുന്നതിനാല്‍ ഫെബ്രുവരി 26 ന് ട്രെയിനില്‍ അഷറഫിന് ബിഹാറിലേക്ക് പോകേണ്ടതുണ്ടായിരുന്നുവെന്ന് അംജദ് പറഞ്ഞു. നിരവധി വിദ്യാര്‍ത്ഥികള്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്‌തെങ്കിലും അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധ്യമായ എല്ലാ സ്ഥലങ്ങളിലും ഇയാളെ കണ്ടെത്താന്‍ ശ്രമിച്ചതായും കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം എവിടെയാണെന്ന് ആര്‍ക്കും അറിയില്ലെന്നും എഎംയു പ്രോക്ടര്‍ വസീം അലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇക്കാര്യം അന്വേഷിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചതായി പോലിസ് സൂപ്രണ്ട് അരവിന്ദ് കുമാര്‍ പറഞ്ഞു. അലിയുടെ അവസാന മൊബൈല്‍ ലൊക്കേഷന്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ കണ്ടെത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.