മിത്ര 181 വനിതാ ഹെല്‍പ് ലൈന്‍; ഇതുവരെ സ്വീകരിച്ചത് 2 ലക്ഷം കോളുകള്‍

Update: 2021-08-07 06:37 GMT

തിരുവനന്തപുരം: മിത്ര 181 വനിതാ ഹെല്‍പ് ലൈനില്‍ ഇതുവരെ സ്വീകരിച്ച കോളുകളുടെ എണ്ണം 2 ലക്ഷം കവിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവയില്‍ 90,000 കോളുകളില്‍ സേവനം നല്‍കാന്‍ സാധിച്ചു. സ്ത്രീ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി 2017 മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതിയാണ് മിത്ര 181 വനിതാ ഹെല്‍പ് ലൈന്‍. വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനാണ് സ്ത്രീകള്‍ക്കു വേണ്ടി 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ഈ എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ സംവിധാനം നടത്തി വരുന്നത്.

സംസ്ഥാനത്തെ പ്രധാന ഹോസ്പിറ്റല്‍, പൊലിസ് സ്‌റ്റേഷന്‍, ആംബുലന്‍സ് സര്‍വീസ് എന്നിവയുടെ സേവനങ്ങളും 181 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ ദ്രുതഗതിയില്‍ ലഭ്യമാവുന്നു. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ പ്രൊഫഷണല്‍ യോഗ്യതയുള്ള വനിതകളാണ് കണ്‍ട്രോള്‍ റൂമിലെ എല്ലാ ജീവനക്കാരും. വിളിക്കുന്നവരില്‍ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിങ്, കൂടാതെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പോലിസ്, ആംബുലന്‍സ്, ആശുപത്രി, നിയമ സഹായം ഉള്‍പ്പെടെയുള്ള സേവനങ്ങളും നല്‍കി വരുന്നു. 

സ്വീകരിക്കപ്പെടുന്ന ഓരോ കോളിലും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും കൃത്യമായ പരിഹാരം ലഭിക്കുന്നത് വരെ ഫോളോഅപ്പ് ചെയ്യുകയും നീതി ലഭിച്ചു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ് മിത്രയുടെ പ്രവര്‍ത്തന രീതി. പൂര്‍ണമായും ഫലപ്രാപ്തിയിലെത്തിച്ച 60,000 കേസുകളില്‍ 20,000 ത്തോളം കേസുകള്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്.

Tags:    

Similar News