പൊതുസ്ഥലം കയ്യേറി ശിവജി പ്രതിമ സ്ഥാപിച്ച് മഹാരാഷ്ട്ര എംഎല്‍എ; പോലിസ് നീക്കം ചെയ്തു
ഇത്തരത്തിലുള്ള പ്രതിമകള്‍ സംസ്ഥാനത്തൊട്ടാകെ അനുമതി കൂടാതെയാണ് സ്ഥാപിക്കാറുള്ളതെന്നായിരുന്നു എംഎല്‍എ രവി റാണയുടെ ന്യായീകരണം.
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയില്‍ പൊതുസ്ഥലം കൈയേറി എംഎല്‍എ സ്ഥാപിച്ച ശിവജി പ്രതിമ പോലിസ് ഇടപെട്ട് നീക്കം ചെയ്തു. അമരാവതിയിലെ സ്വതന്ത്ര എംഎല്‍എയായ രവി റാണയാണ് ജനുവരി 12ന് രാജ്പുത്ത് മേല്‍പാലത്തിന് സമീപം പ്രതിമ സ്ഥാപിച്ചത്. എന്നാല്‍ യാതൊരു വിധത്തിലുള്ള നടപടിക്രമങ്ങളും പാലിക്കാതെ, സ്ഥലം കയ്യേറിയാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് ശനിയാഴ്ച രാത്രി ഏറെ വൈകി പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പ്രതിമ നീക്കം ചെയ്തത്. എന്നാല്‍, ഇത്തരത്തിലുള്ള പ്രതിമകള്‍ സംസ്ഥാനത്തൊട്ടാകെ അനുമതി കൂടാതെയാണ് സ്ഥാപിക്കാറുള്ളതെന്നായിരുന്നു എംഎല്‍എ രവി റാണയുടെ ന്യായീകരണം. പ്രതിമ നീക്കിയതിന് പിന്നാലെ ഇയാളുടെ അനുയായികള്‍ അമരാവതി മുനിസിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ അഷ്ടികാറിന്റെ കോലം കത്തിക്കുകയും പ്രതിഷേധം നടത്തുകയും ചെയ്തു. തുടര്‍ന്ന് എംഎല്‍എയെ പോലിസ് വീട്ടുതടങ്കലില്‍ ആക്കി.