എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കാനുള്ള തീരുമാനത്തിനതിരേ അപ്പീല്‍ നല്‍കുമെന്ന് മകള്‍ ആശ
എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കുമെന്ന മെഡിക്കല്‍ കോളജിലെ ഉപദേശക സമിതിയുടെ തീരുമാനം സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണെന്നും ആശ ആരോപിച്ചു.
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കാനുള്ള തീരുമാനത്തിനതിരേ അപ്പീല്‍ നല്‍കുമെന്ന് മകള്‍ ആശ. എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കുമെന്ന മെഡിക്കല്‍ കോളജിലെ ഉപദേശക സമിതിയുടെ തീരുമാനം സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണെന്നും ആശ ആരോപിച്ചു. ആശ നേരത്തെ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
മൃതദേഹം വൈദ്യപഠനത്തിന് വിടുന്നത് സംബന്ധിച്ച വിഷയത്തിലാണ് കളമശേരി മെഡിക്കല്‍ കോളജ് ഉപദേശക സമിതിയെ രൂപീകരിച്ചത്. വിഷയത്തില്‍ മെഡിക്കല്‍ കോളജ് ഉപദേശക സമിതിക്ക് തീരുമാനമെടുക്കാന്‍ അനുവാദവും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം വൈദ്യപഠനത്തിന് കൈമാറാന്‍ തീരുമാനിച്ചത്. മൃതദേഹം വൈദ്യപഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു തന്റെ പിതാവിന്റെ ആഗ്രഹമെന്ന് മകന്‍ എം എല്‍ സജീവന്‍ പറഞ്ഞിരുന്നു. ലോറന്‍സിന്റെ മക്കളുടെ വാദങ്ങള്‍ വിശദമായി കേട്ടുവെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥ് കോടതിയെ അറിയിച്ചു.
അതേസമയം വളരെ മോശമായാണ് കമ്മിറ്റി അംഗങ്ങള്‍ തന്നോട് പെരുമാറിയതെന്നും സഖാക്കള്‍ പറഞ്ഞു പഠിപ്പിച്ച ചോദ്യങ്ങളാണ് തന്നോട് കമ്മിറ്റി ചോദിച്ചതെന്നുമായിരുന്നു ആശ ആരോപണമുന്നയിച്ചത്.