കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായുള്ള സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക് മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു
ജീവനക്കാരാണ് കെഎസ്ആര്‍ടിസിയുടെ നെടുംതൂണെന്ന് മന്ത്രി
തിരുവനന്തപുരം: ജീവനക്കാരാണ് കെഎസ്ആര്‍ടിസിയുടെ നെടുംതൂണെന്നും ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണനല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യപരിചരണത്തിന് വേണ്ടി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കിന്റ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ജീവനക്കാരുടേയും, പെന്‍ഷന്‍കാരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചാണ് പ്രവര്‍ത്തിച്ചതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍റ്റിസിയില്‍ വിവിധ ആരോഗ്യ കാരണങ്ങളാല്‍ ആഴ്ചയില്‍ ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ മരണപ്പെടുന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സിഎംഡി ഇത്തരത്തിലുള്ള പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 388 ജീവനക്കാരാണ് വിവിധ രോഗങ്ങളാല്‍ മരണപ്പെട്ടത്.
ആരോഗ്യപരിപാലനം സംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ വേണ്ടത്ര അറിവില്ലാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണം. ഇത് മാറ്റുന്നതിന് വേണ്ടി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ബോധവത്ക്കരണം നടത്താനും അവരുടെ ശാരീരികക്ഷമതയെക്കുറിച്ച് മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കപ്പുകള്‍ നടത്താനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സിഎംഡി ബിജുപ്രഭാകര്‍ പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രൊമോഷന്‍ ട്രസ്റ്റുമായി സഹകരിച്ചാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പുറത്തിറക്കിയത്. ഇതേ മാതൃകയില്‍ പോലീസിനും രണ്ട് ബസുകള്‍ ചെയ്ത് നല്‍കണമെന്ന ആവശ്യവുമായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും സമീപിച്ചതായും സിഎംഡി പറഞ്ഞു.