ഭരണപരാജയം മറയ്ക്കാന്‍ മോഡി സര്‍ക്കാര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും കലാപങ്ങളും നടത്തുന്നു: കെഎച്ച് അബ്ദുല്‍ മജീദ് മൈസൂര്‍

രാജ്യത്ത് പ്രതിപക്ഷം ഇല്ലാതായിരിക്കുന്നു. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ഭരണകൂടത്തെ വിമര്‍ശിക്കാന്‍ പോലും തയ്യാറാവുന്നില്ല. പ്രതിപക്ഷം ഭരണകൂടവുമായി കോംപ്രമൈസ് ചെയ്യുകയാണ്.

Update: 2021-10-12 15:18 GMT

തിരുവനന്തപുരം: മോഡി സര്‍ക്കാരിന്റെ ഭരണപരാജയത്തെ മറച്ചു വയ്ക്കാനാണ് രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങളും കലാപങ്ങളും നടത്തുന്നതെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെഎച്ച് അബ്ദുല്‍ മജീദ് മൈസൂര്‍. എസ്ഡിപിഐ സംസ്ഥാന ഭാരവാഹികള്‍ക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പ്രതിപക്ഷം ഇല്ലാതായിരിക്കുന്നു. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, മറ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ തുടങ്ങിയ പ്രതിപക്ഷകക്ഷികള്‍ ഭരണകൂടത്തെ വിമര്‍ശിക്കാന്‍ പോലും തയ്യാറാവുന്നില്ല. പ്രതിപക്ഷം ഭരണകൂടവുമായി കോംപ്രമൈസ് ചെയ്യുകയാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് പരമേശ്വരന്‍ പറഞ്ഞത്, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നാണ്. യുപിയില്‍ പ്രിയങ്ക ഗാന്ധിയെ പോലിസ് അറസ്റ്റ് ചെയ്തപ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യം മുഴുവന്‍ ബ്ലോക്ക് ചെയ്യേണ്ടതായിരുന്നു. പക്ഷെ, അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. ലൗ ജിഹാദ്, ലാന്റ് ജിഹാദ് തുടങ്ങിയ പേരുകളില്‍ മുസ്‌ലിംകളെ കൊലപ്പെടുത്തുകയാണ്. ഭരണകൂടഭീകരതയാണ് ഇന്ത്യയില്‍ നടക്കുന്നത്. ആയിരക്കണക്കിന് പാവങ്ങളെയാണ് അസമില്‍, ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കൈയ്യേറ്റക്കാരെന്ന് ആരോപിച്ച് ബിജെപി സര്‍ക്കാര്‍ കൊലപ്പെടുത്തിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ കേന്ദ്രസര്‍ക്കാര്‍ വിറ്റുതുലക്കുകയാണ്. 60000 കോടിയുടെ എയര്‍ ഇന്ത്യ വിറ്റുകഴിഞ്ഞു. നോട്ട് നിരോധനം ചെറുകിട കച്ചവടക്കാരെ ഉള്‍പ്പെടെ, രാജ്യത്തിന്റെ സാമ്പത്തികരംഗം തകര്‍ത്തു.

കൊവിഡ് രോഗികള്‍ക്ക് മതിയായ ഓക്‌സിജനോ ബെഡോ ലഭ്യമാക്കാതെ ആയിരക്കണക്കിന് പേര്‍ മരിച്ചു. രാജ്യത്തെ ജനാധിപത്യം തകര്‍ന്നു. സര്‍വാധിപത്യത്തിലേക്ക് നീങ്ങുകയാണ്. സാമ്പത്തിക രംഗം പരാജയപ്പെട്ടു. അടിസ്ഥാന സൗകര്യമേഖലയില്‍ മുന്നേറ്റമുണ്ടായിട്ടില്ല. മോഡി സര്‍ക്കാര്‍ വീമ്പിളിക്കിയത് പോലെ ഒരു വികസനവും രാജ്യത്തുണ്ടായില്ലെന്നും അബ്ദുല്‍ മജീദ് മൈസൂര്‍ പറഞ്ഞു.

വൈകീട്ട് നാലിന് അട്ടക്കുളങ്ങരയില്‍ നിന്നാരംഭിച്ച സ്വീകരണറാലി നന്ദാവനം മുസ്‌ലിം അസോസിയേഷന്‍ ഹാളില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണത്തിന് നന്ദി അര്‍പ്പിച്ച് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സംസാരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയി അറയ്ക്കല്‍, പികെ ഉസ്മാന്‍, അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍, സംസ്ഥാന സമിതി അംഗങ്ങള്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റുമാര്‍, ജില്ലാ സെക്രട്ടറിമാര്‍, ജില്ലാ ഖജാന്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News