മോദി കൊല്‍ക്കത്തയില്‍ റാലി നടത്തുന്നു, കര്‍ഷകരെ കാണാന്‍ മാത്രം സമയമില്ല; വിമര്‍ശനവുമായി ശരദ് പവാര്‍

Update: 2021-03-07 13:18 GMT

റാഞ്ചി: കര്‍ഷക സമരത്തില്‍ ഇടപെടുന്നതില്‍ വിമുഖത കാണിക്കുന്ന പ്രധാനമന്ത്രി മോദിക്കെതിരേ ആഞ്ഞടിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. പ്രധാനമന്ത്രിക്ക് കൊല്‍ക്കത്തയില്‍ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാന്‍ സമയമുണ്ടെന്നും എന്നാല്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ കാണാനോ സംസാരിക്കാനോ സമയമില്ലെന്നും പവാര്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷക നിയമങ്ങള്‍ക്കെതിരേ രാജ്യത്തുള്ള 32 ഓളം കര്‍ഷക സംഘടനകള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ സമരരംഗത്താണ്.

ബിജെപി രാജ്യത്താകമാനം വര്‍ഗീയ വിഷം പരത്തുകയാണെന്നും ശരദ് പവാര്‍ കുറ്റപ്പെടുത്തി.

''രാജ്യത്ത് സാഹോദര്യം വളര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ മൗലിക കടമ. എന്നാല്‍ പകരം ബിജെപി വര്‍ഗീയ വിഷം വമിപ്പിക്കുകയാണ്. കര്‍ഷകര്‍ 100 ദിവസമായി പ്രക്ഷോഭത്തിലാണ്. എന്നാല്‍ പ്രധാനമന്ത്രിക്ക് കൊല്‍ക്കത്തയില്‍ പോയി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെടാന്‍ സമയമുണ്ട്. പക്ഷേ, ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കാണാന്‍ സമയമില്ല''- റാഞ്ചിയില്‍ നടന്ന എന്‍സിപി നേതൃയോഗത്തില്‍ പവാര്‍ പറഞ്ഞു.

കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ഞായറാഴ്ച നടക്കുന്ന മോദിയുടെ തിരഞ്ഞെടുപ്പ് റാലിയുടെ സാഹചര്യത്തിലാണ് പവാറിന്റെ പ്രതികരണം.

വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷകക്ഷികളെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും പവാര്‍ കുറ്റപ്പെടുത്തി.

''കേന്ദ്ര സര്‍ക്കാര്‍ സിബിഐ, ഇ ഡി തുടങ്ങിയ ഏജന്‍സികളെ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന് ശ്രമിക്കുകയാണ്. എല്ലാ മന്ത്രിമാരും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ തിരക്കിലാണ്. അതേസമയം അത്തരം സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു''- പവാര്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News