മോഹന്‍ ഭാഗവതിന്റെ പ്രസ്താവന: ചാതുര്‍വര്‍ണ്യത്തിന്റെ പുതിയ ഭാഷ്യമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
ജന്മത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ ഹിന്ദുക്കളെ തന്നെ അധമനായും നികൃഷ്ടനായും ഉന്നതനായും കണക്കാക്കുന്ന മനുവാദത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോള്‍ ആര്‍എസ്എസ് പുറത്തുവിട്ടിരിക്കുന്നത്
തിരുവനന്തപുരം: ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമേ ഉള്ളൂ എന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ചാതുര്‍വര്‍ണ്യത്തിന്റെ പുതിയ ഭാഷ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. രാജ്യത്തെ പൗരന്മാരെ നാല് വിഭാഗങ്ങളാക്കി തരംതിരിക്കുന്ന ആര്‍എസ്എസ് അവരുടെ വിചാരധാര അടിസ്ഥാനമാക്കിയുള്ള വിഭജന തന്ത്രം വീണ്ടും അരക്കിട്ടുറപ്പിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസേേമ്മളനത്തില്‍ പറഞ്ഞു.
രാജ്യത്ത് ഇനി മുതല്‍ അഹിന്ദുക്കളില്ലെന്നും എല്ലാവരും ഹിന്ദുക്കളാണെന്നും പറയുന്ന ആര്‍എസ്എസ് അഭിമാനി ഹിന്ദു, അജ്ഞാനി ഹിന്ദു, സന്ദേഹി ഹിന്ദു, വിരോധി ഹിന്ദു എന്നിങ്ങനെയാണ് രാജ്യത്തെ ജനങ്ങളെ തരംതിരിച്ചിരിക്കുന്നത്. ജനതയെ ഒന്നായി കാണാന്‍ കഴിയില്ലെന്ന് വിധ്വംസക ശക്തികള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. ഇതിലൂടെ ജന്മത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ ഹിന്ദുക്കളെ തന്നെ അധമനായും നികൃഷ്ടനായും ഉന്നതനായും കണക്കാക്കുന്ന മനുവാദത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോള്‍ ആര്‍എസ്എസ് പുറത്തുവിട്ടിരിക്കുന്നത്. ആര്‍എസ്എസ്സിന്റെ ചാതുര്‍വര്‍ണ്യ പുനപ്രഖ്യാപനത്തിനു നേരേ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും പുലര്‍ത്തുന്ന മൗനവും നിസ്സംഗതയും ഭീതിജനകമാണ്.
ആര്യാധിനിവേശത്തിലൂടെ ഇന്ത്യയില്‍ കുടിയേറിയവര്‍ ദ്രാവിഡസൈന്ധവ സംസ്‌കാരത്തെ തകര്‍ത്തെറിഞ്ഞ് വര്‍ണാടിസ്ഥാനത്തില്‍ ജനങ്ങളെ തരംതിരിച്ച് അടിമത്തവും ചൂഷണവും അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച് നൂറ്റാണ്ടുകളോളം ആധിപത്യം സ്ഥാപിച്ചു. വൈജ്ഞാനികവും ബൗദ്ധീകവുമായ പുരോഗതിയിലൂടെ മനുഷ്യത്വരഹിതമായ ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും തീണ്ടലും സമൂഹത്തില്‍ നിന്ന് ഒരു പരിധിവരെ തുടച്ചുമാറ്റാന്‍ കഴിഞ്ഞു. വീണ്ടും അധമവ്യവസ്ഥിതി തിരിച്ചുകൊണ്ടുവരാനാണ് സംഘപരിവാരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനാവിരുദ്ധവും അസഹിഷ്ണുതാപരവുമായ സാമൂഹിക വിഭജനത്തിന് ആര്‍എസ്എസ് ശ്രമിച്ചാല്‍ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി.
കേരളത്തിലെ ആഭ്യന്തര വകുപ്പ് ആര്‍എസ്എസ് താല്‍പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഗ്ഗീയവും രാഷ്ട്രീയവുമായ പക്ഷപാതിത്വമാണ് പോലിസിന്. സംഘപരിവാര്‍ വിധേയത്വമാണ് കേരള പോലിസ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ സുരക്ഷപ്രശ്‌നം എന്ന പുകമറ സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യ രാജ്യത്ത് സ്വന്തം ജനതയോട് പങ്ക് വയ്ക്കാന്‍ കഴിയാത്ത എന്ത് രഹസ്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ സംബന്ധിച്ചു.