മോഹനം 2020 അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു

ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ന് മുതല്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ധേശം മാനിച്ച് അവസാന ദിവസത്തെ മൂന്ന് പ്രദര്‍ശനങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.

Update: 2020-03-10 14:35 GMT

മാള: കഴിക്കാട്ടുശ്ശേരി ഗ്രാമിക ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈമാസം ഏഴിന് ആരംഭിച്ച മോഹനം 2020 അന്താരാഷ്ട്ര ചലച്ചിത്രോത്സവം വനിതാ ദിനമടക്കം സംഘടിപ്പിച്ച് സമാപിച്ചു. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ന് മുതല്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ധേശം മാനിച്ച് അവസാന ദിവസത്തെ മൂന്ന് പ്രദര്‍ശനങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.

സമാപന സമ്മേളനം ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ഉദ്ഘാടനം ചെയ്തു. ആന്റണി ഈസ്റ്റ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ടി യു ഷാജി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി കെ കിട്ടന്‍, ഫിലിം സൊസൈറ്റി പ്രസിഡന്റ് തുമ്പൂര്‍ ലോഹിതാക്ഷന്‍, സെക്രട്ടറി ജിജൊ പഴയാറ്റില്‍, ട്രഷറര്‍ കെ എസ് അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അഷ്ടമിച്ചിറ മഹാലക്ഷ്മി തിയേറ്ററില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മലയാള ചിത്രം ബിരിയാണി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് സംവിധായകന്‍ സജിന്‍ ബാബുവുമായി നടന്ന സംവാദത്തില്‍ കെ എസ് തിലകന്‍,

ശ്യാം കെ വി, സി മുകുന്ദന്‍, എത്സി സച്ചിദാനന്ദന്‍, കെ ഒ വര്‍ഗ്ഗീസ്, വിനിത ചോലയാര്‍, എം സി സന്ദീപ്, ബാബു എത്തൊടന്‍, തുമ്പൂര്‍ ലോഹിതാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു. ടി യു ഷാജി മോഡറേറ്ററായിരുന്നു. ഡോ. വടക്കേടത്ത് പത്മനാഭന്‍ സ്വാഗതവും അബ്ദുള്‍ മനാഫ് കൃതജ്ഞതയും പറഞ്ഞു.

അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രാഘവന്റെ സ്മരണക്കായി തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ 12 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും സംഘടിപ്പിച്ചിരുന്നു.

Tags:    

Similar News