ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് മുന്‍കൂര്‍ ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ പാട്യാല ഹൗസ് കോടതിയാണ് തിങ്കളാഴ്ച ജാമ്യം നല്‍കിയത്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷൈലേന്ദര്‍ മാലിക് ജാമ്യാപേക്ഷയില്‍ ഇഡിയോട് പ്രതികരണം തേടി. സാധാരണ ജാമ്യത്തിനുളള അപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
ജാക്വിലിന്റെ അഭിഭാഷകന്റെ അഭ്യര്‍ഥനയില്‍ 50,000 രൂപ കെട്ടിവച്ചാണ് ജാമ്യം നല്‍കിയത്. കേസ് ഒക്ടോബര്‍ 22ന് വീണ്ടും പരിഗണിക്കും.
ഈ വര്‍ഷം സെപ്റ്റംബര്‍ 26ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നടിക്ക് കോടതി സമന്‍സ് അയച്ചിരുന്നു.
ഈ വര്‍ഷം ആഗസ്റ്റ് 17നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 200 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ താരത്തിനെ പ്രതിചേര്‍ത്തത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രവീണ്‍ സിംഗാണ് കേസ് പരിഗണിച്ചത്.
നിലവിലെ കേസിലെ എല്ലാ പ്രതികള്‍ക്കും കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കാനും കോടതി ഇഡിയോട് നിര്‍ദ്ദേശിച്ചു.