കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഫാഷന്‍ ഡിസൈനര്‍മാരായ മനീഷ് മല്‍ഹോത്ര, സബ്യാസാച്ചി, റിതു കുമാര്‍ എന്നിവര്‍ക്ക് ഇ ഡിയുടെ നോട്ടിസ്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാരായ മനീഷ് മല്‍ഹോത്ര, സബ്യാസാച്ചി, റിതു കുമാര്‍ എന്നിവര്‍ക്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി നോട്ടിസ് അയച്ചു. ഇ ഡിയുടെ ന്യൂഡല്‍ഹിയിലെ ഓഫിസില്‍ വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ഹാജരാവാനാണ് നോട്ടിസില്‍ പറയുന്നത്. പഞ്ചാബ് കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിങ് ഖൈറക്കെതിരേ നടക്കുന്ന കള്ളപ്പണക്കേസിലാണ് ഫാഷന്‍ ഡിസൈനര്‍മാര്‍ക്കും നോട്ടിസ് അയച്ചത്.
മൂന്നു പേരുടെയും അക്കൗണ്ടുകള്‍ വഴി നടന്ന ചില ഇടപാടുകളെക്കുറിച്ച് വിവരങ്ങള്‍ ആരായാനാണ് വിളിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
2021 മാര്‍ച്ചിലാണ് ഖൈറയുടെ ചില കേന്ദ്രങ്ങള്‍ ഇ ഡി റെയ്ഡ് നടത്തിയത്. 2015ലെ ഫസില്‍ക്ക മരുന്ന് കള്ളക്കടത്ത് കേസിലാണ് ഇ ഡി കോണ്‍ഗ്രസ് നേതാവിന്റെ സ്ഥാപനങ്ങള്‍ റെയ്ഡ് നടത്തിയത്. ഇതിനെതിരേ എംഎല്‍എ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. 12 വര്‍ഷം കൊണ്ട് എംഎല്‍എയുടെ അക്കൗണ്ടില്‍ 4.86 കോടിയുടെ നിക്ഷേപം ഉണ്ടായിട്ടുണ്ടെന്നും ആദായ നികുതി വകുപ്പില്‍ 99 ലക്ഷം മാത്രമേ കാണിച്ചിട്ടുള്ളുവെന്നുമാണ് ഇ ഡിയുടെ ആരോപണം.
എംഎല്‍എയുടെ ഫോണ്‍ തുറന്ന് പരിശോധിക്കാന്‍ വേണ്ടി ഇ ഡി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് എംഎല്‍എയും കോടതിയെ സമീപിച്ചു. ഫോണ്‍ തുറന്നു പരിശോധിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നാണ് എംഎല്‍എയുടെ വാദം.