കള്ളപ്പണക്കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; പി അബ്ദുല്‍ മജീദ് ഫൈസി
ഏപ്രില്‍ 3 ന് നടന്ന സംഭവത്തില്‍ രണ്ട് മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയുണ്ടാക്കാനോ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റുചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ബിജെപി ബന്ധം പുറത്ത് വന്നതോടെയാണ് വേഗത കുറഞ്ഞത്.
തൃശൂര്‍: തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ബിജെപി സംസ്ഥാനത്തേക്ക് കോടികളുടെ കള്ളപ്പണം ഒഴുക്കിയതു സംബന്ധിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് തീരുമാനം ഉടന്‍ തന്നെ പോലീസില്‍ നിന്നു ചോരുകയും തൊണ്ടി മുതലുകളും തെളിവുകളും നശിപ്പിക്കാന്‍ പ്രതികള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യുന്നത് ഗുരുതരമാണ്. അതിനാല്‍ നിഷ്പക്ഷവും കാര്യക്ഷമവുമായ അന്വേഷണം നടക്കുന്നതിന് കോടതി തന്നെ മേല്‍നോട്ടം വഹിക്കണം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും ബിജെപി ചെലവഴിച്ച പണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കുഴല്‍പണമിടപാട് സംബന്ധിച്ച് അന്തര്‍സംസ്ഥാന ബന്ധവും അന്വേഷണ വിധേയമാക്കണം. മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയും മറ്റു ചിലരെ വിലയ്ക്കെടുത്തുമാണ് ജനാധിപത്യത്തെ തന്നെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചത്. രാജ്യത്തിന്റെ അസ്ഥിവാരം തകര്‍ക്കാന്‍ കോടികളുടെ കള്ളപ്പണമൊഴുക്കിയതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാന്‍ മാധ്യമങ്ങളെ പോലും ഭീഷണിപ്പെടുത്തുകയാണ് ബിജെപി നേതാക്കള്‍. നിലവിലുള്ള പോലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്.
ഏപ്രില്‍ 3 ന് നടന്ന സംഭവത്തില്‍ രണ്ട് മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയുണ്ടാക്കാനോ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റുചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ബിജെപി ബന്ധം പുറത്ത് വന്നതോടെയാണ് വേഗത കുറഞ്ഞത്. ഈ കേസില്‍ കേരള പോലിസിന്റെ അന്വേഷണ പരിധി പരിമിതമാണ്. നിയമപരിധിക്കപ്പുറമുള്ള കറന്‍സി കൈവശം വെച്ചത്, സോഴ്സ് തുടങ്ങിയവ അന്വേഷിക്കേണ്ടത് ഇഡിയാണ്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ളവയുടെ അന്വേഷണം എന്‍ഐയുടെ പരിധിയിലാണ്. എന്നാല്‍ ഈ രണ്ട് ഏജന്‍സികളും ആരോപണ വിധേയരുടെ കളിപ്പാവകളാണ്. മുട്ടില്‍ മരം കടത്ത് വിഷയ സ്വമേധയാ ഏറ്റെടുത്ത ഇഡി കോടതി ഇടപെട്ടിട്ടും ഗുരുതരമായ കള്ളപ്പണക്കേസില്‍ ഇടപെടാന്‍ അറച്ചുനില്‍ക്കുന്നതില്‍ നിന്ന് അവരുടെ ദുഷ്ടലാക്ക് വ്യക്തമാണ്. കള്ളപ്പണം രാജ്യദ്രോഹമാണെന്ന നിലപാട് ബിജെപി മാറ്റിയതാണോ അതോ ഈ പണം കള്ളപ്പണമല്ലെന്ന് ബിജെപിക്ക് ഉറപ്പുണ്ടോ എന്നു നേതാക്കള്‍ വ്യക്തമാക്കണം.
മൂന്നര കോടിയുടെ ഉറവിടം വ്യക്തമാക്കി സ്വന്തം പണമാണെന്ന് തെളിയിക്കാന്‍ ധര്‍മരാജന്‍ കോടതിയെ സമീപിച്ചതും കേസ് ബിജെപിയിലേക്കെത്തിക്കാന്‍ ആര് വിചാരിച്ചാലും കഴിയില്ലെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയും കേസന്വേഷണത്തില്‍ ആസൂത്രിത അട്ടിമറിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യുമെന്ന് വാര്‍ത്ത വന്നെങ്കിലും പിന്നീട് വിവരമില്ല. കേസില്‍ ഒരൊറ്റ ബിജെപിക്കാരനും അറസ്റ്റിലായില്ലെന്നാണ് നേതാക്കളുടെ അവകാശവാദം. കേസില്‍ ചോദ്യം ചെയ്യപ്പെട്ട ബിജെപി നേതാക്കളില്‍ നിന്നു കിട്ടിയ വിവരം പുറത്തുവിടണം.
സംസ്ഥാനത്ത് മറ്റ് വിവാദ വിഷയങ്ങളോ സംഘര്‍ഷങ്ങളോ സൃഷ്ടിച്ച് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിത നീക്കങ്ങളും നടക്കുന്നുണ്ട്. കേസ് എങ്ങിനെയെങ്കിലും ഇഡിയെ ഏല്‍പ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമവും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കണ്ണുരുട്ടലുകള്‍ക്ക് മുമ്പില്‍ ഇടതുസര്‍ക്കാര്‍ മുട്ടുമടക്കരുത്. മുട്ടില്‍ മരംമുറി അടക്കമുള്ള വിഷയങ്ങളുയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കുഴല്‍പ്പണ കേസ് അട്ടിമറിക്കാനുള്ള നീക്കം തകൃതിയായ സാഹചര്യത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി 400 കോടിയോളം രൂപ സംസ്ഥാനത്തേക്ക് ഒഴുക്കിയതും ബിജെപിക്കെതിരേ ഉയര്‍ന്നു വന്നിട്ടുള്ള സാമ്പത്തികാരോപണങ്ങള്‍ സംബന്ധിച്ചും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. അതിനുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.