കള്ളപ്പണം വെളുപ്പിക്കല്‍; സെര്‍വൊമാക്‌സ് ഇന്ത്യ എംഡിയെ ഇഡി അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വൈദ്യുതി ഉപകരണ കമ്പനിയായ സെര്‍വൊമാക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി അവസരല വെങ്കിടേശ്വര റാവുവിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് 402 കോടിയുടെ തട്ടിപ്പ് കേസില്‍ റാവുവിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്.
2002ല്‍ ബാങ്കിങ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 402 കോടി കടമെടുത്ത് കള്ളപ്പണം വെളുപ്പിച്ചെന്നാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. 2018 ഫെബ്രുവരി 2നാണ് ഐപിസിയുടെ വിവിധ വകുപ്പുകള്‍ ചുമത്തി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ആ കേസിലാണ് ഇപ്പോള്‍ ഇഡി അറസ്റ്റ് ചെയ്തത്.
അവസരല വെങ്കിടേശ്വര റാവു ബാങ്കിങ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 402 കോടി കടമെടുത്ത് ആ പണം തിരിച്ചടച്ചില്ലെന്നു മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗപ്പെടുത്തിയെന്നും ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി വര്‍ധിപ്പിച്ചുവെന്നുമാണ് കേസില്‍ പറയുന്നത്.
ബാങ്കുകളില്‍ നിന്ന് കടമെടുത്ത പണം കമ്പനി എംഡി മറ്റ് തരത്തില്‍ തിരിച്ചുവിട്ട് കൂടുതല്‍ വായ്പ നേടുന്നതിനുള്ള ശ്രമം നടത്തിയെന്നും സിബിഐ കണ്ടെത്തി. ബാങ്കുകള്‍ക്ക് 267 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
നിരവധി ബിനാനി ഇടപാടുകള്‍ റാവു നടത്തിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. പണം വഴി തിരിച്ചുവിടുന്നതിനുവേണ്ടി റാവു 50ഓളം വ്യാജകമ്പനികളാണ് രൂപീകരിച്ചത്. അന്വേഷണത്തില്‍ റാവു സഹകരിച്ചില്ലെന്നും ഇ ഡി പറയുന്നു.