മോന്‍സന്റെ ബെഹ്‌റ ബന്ധം സഭയിലുന്നയിച്ച് പ്രതിപക്ഷം; ആരൊക്കൊ ചികില്‍സ തേടിയെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് മുഖ്യമന്ത്രി

Update: 2021-10-05 05:32 GMT

തിരുവനന്തപുരം: പുരാവസ്തു തട്ടുപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍. പിടി തോമസാണ് സഭയില്‍ മോന്‍സന്റെ തട്ടിപ്പില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്.

മോന്‍സന് പോലിസ് മേധാവി ബെഹ്‌റയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പോലിസ് സമ്മേളനത്തില്‍ ഇറ്റലിയില്‍ നിന്നുള്ള ഇടനിലക്കാരിയും മോന്‍സനും പങ്കെടുത്തിരുന്നു. കെ സുധാകരന്‍ ഒന്നും മറച്ചു വയ്ക്കാനില്ലെന്നും പി ടി തോമസ് അടിയന്തരപ്രമേയത്തിന് അനുമതി തേടി പറഞ്ഞു.

ചെമ്പോല വ്യാജമായി ഉണ്ടാക്കി എന്നത് ഗുരുതര പ്രശ്‌നമെന്ന് പിടി തോമസ് സഭയില്‍. 25.2.2019 ല്‍ തന്നെ മോന്‍സനെതിരെ ഇന്റലിജിന്‍സ് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. അത് അറിഞ്ഞില്ലെന്ന് എങ്ങനെ മുഖ്യമന്ത്രി പറയും. ഇന്റലിജിന്‍സ് റിപോര്‍ട്ടിന് ശേഷമാണ് മോന്‍സന് അന്നത്തെ ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ സംരക്ഷണം ഒരുക്കിയത്. കോസ്‌മെറ്റിക് സര്‍ജന്‍ എന്ന് അറിയപ്പെടുന്ന മോന്‍സന്‍ അന്താരാഷ്ട്ര തട്ടിപ്പകാരനാണെന്നായിരുന്നു ഇന്റലിജിന്‍സ് റിപോര്‍ട്ട്. പക്ഷെ, പിന്നാലെ മോന്‍സന്റെ വീടുകള്‍ക്ക് സംരക്ഷണം നല്‍കുകയാണുണ്ടായത്. ലോക കേരള സഭയിലെ വനിത പ്രതിനിധി മോന്‍സന്റെ ഇടനിലകാരിയാണോയെന്ന് സംശയിക്കുന്നുവെന്ന് പറഞ്ഞ പിടി തോമസ് പോലിസിന്റെ കൊകൂണ്‍ മീറ്റില്‍ എങ്ങനെ യുവതി വന്നുവെന്നും ചോദിച്ചു.

മോന്‍സന്റെ 'മോശയുടെ വടി' പിടിച്ച ബെഹ്‌റ ക്കു കഴിഞ്ഞ ദിവസം ശമ്പളം നിശ്ചയിച്ചു. എന്ത് കൊണ്ട് ബെഹ്‌റക്കെതിരെ അനങ്ങുന്നില്ല. മോദിയുടെ വിശ്വസ്ഥനായ ബെഹ്‌റ എങ്ങനെ പിണറായിയുടെ വിശ്വസ്തനായി.  സുധാകരനെതിരെ ബ്രണ്ണന്‍ കോളജില്‍ കൈ ഓങ്ങിയെന്ന് പറയുന്ന പിണറായി ബെഹ്‌റക്ക് എതിരെ നടപടിയെടുക്കാനുള്ള കടലാസില്‍ ഒപ്പിടാന്‍ ധൈര്യം കാണിക്കുമോയെന്നും പിടി തോമസ് വെല്ലുവിളിച്ചു.

ആരൊക്കെ എവിടെയൊക്കെ പോയി എന്ന് എല്ലാവര്‍ക്കുമറിയാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. പോലിസ് ഉദ്യോഗസ്ഥര്‍ ആരെയും സഹായിച്ചിട്ടില്ല. 25 ലക്ഷം രൂപ ഒരു പ്രമുഖന്റെ സാന്നിധ്യത്തിലണ് കൈമാറിയത്. അന്വേഷണം എത്തേണ്ടിടത്ത് എത്തും. ആരും വേവലാതിപ്പെടേണ്ടതില്ല. ആരൊക്കൊ എവിടെ പോയി, തങ്ങി, ചികില്‍സ തേടി എന്നൊക്കൊ എല്ലാവര്‍ക്കും അറിയാം.

കുറ്റവാളികള്‍ക്കെതിരേ ഒരു ദാക്ഷണ്യവുമുണ്ടാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 

അറിയപ്പെടുന്ന പലരും സൗന്ദര്യ ചികില്‍സക്ക് പോയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News