കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍ കൊവിഡാനന്തരം 'വിദൂര തൊഴിലി'ലേക്കും വര്‍ക്ക് ഫ്രം ഹോമിലേക്കും മാറിയേക്കും
വാഷിങ്ടണ്‍ ഡിസി: അമേരിക്കയിലെ കൂടുതല്‍ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം അനിശ്ചിത കാലത്തേക്ക് നീട്ടാന്‍ ആലോചിക്കുന്നു. കൊറോണ വ്യാപനം അവസാനിച്ചാലും വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് ചെറുകിട കമ്പനികളും കരുതുന്നത്.
''ഇത് നമ്മുടെ സംവിധാനത്തിന് ഒരു വൈദ്യുതഷോക്ക് പോലെയാണ്''- അക്‌സെന്‍ച്വര്‍ പിഎല്‍സിയുടെ ചീഫ് ടെക്‌നോളജി ഓഫിസര്‍ പോള്‍ ദോഹര്‍ത്തി പറയുന്നു. കമ്പനികള്‍ പുതുതായി തങ്ങള്‍ക്കു ലഭിച്ച ജോലിഅനുഭവങ്ങളും അതിനനുസരിച്ചുള്ള സാങ്കേതികസംവിധാനങ്ങളും വികസിപ്പിക്കുന്നതിനെ കുറിച്ച് പുനരാലോചിച്ചുകൊണ്ടിരിക്കുകയാണ്.
തങ്ങളുടെ 45,000 ത്തോളം തൊഴിലാളികളെ വീട്ടില്‍ നിന്നു ജോലിയെടുപ്പിക്കുന്ന തരത്തില്‍ കമ്പനിയെ ആസൂത്രണം ചെയ്യുമെന്ന് ഫെയ്‌സ്ബുക്ക് ചീഫ് എക്‌സിക്യൂട്ടിവ് മാര്‍ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു.
ട്വിറ്റര്‍ ഇന്റസ്ട്രീസ് അവരുടെ തൊഴിലാളികളെ അനിശ്ചിത കാലത്തേക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വിപണന കമ്പനിയായ ഷോപ്പിഫൈ ഇന്‍ഡസ്ട്രീസാണ് ഇതേ രീതിയില്‍ ചിന്തിക്കുന്ന മറ്റൊരു കമ്പനി.
ഇന്‍ഡല്‍, എച്ച്പി തുടങ്ങിയ കമ്പനികളാണ് കഴിഞ്ഞ ദശകങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് നമ്മെ പഠിപ്പിച്ചത്. 21ാം നൂറ്റാണ്ടില്‍ ഡിജിറ്റല്‍ കമ്പനികള്‍ കാര്യങ്ങള്‍ പുനര്‍നിര്‍വചിക്കുമെന്ന് ഫെയ്‌സ്ബുക്കിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ചുകൊണ്ട് ബോക്‌സ് ഇന്റസ്ട്രീസിന്റെ സിഇഒ ആരോണ്‍ ലെവിസ് ട്വീറ്റ് ചെയ്തു.
80 ശതമാനം കമ്പനികളും പറയുന്നത് തങ്ങളുടെ പല ഉപഭോക്താക്കളും തങ്ങളെ വിദൂരതൊഴില്‍ ടൂളുകള്‍ക്കു വേണ്ടി സമീപിച്ചുവെന്നാണ്. സമീപഭാവിയില്‍ വിദൂരത്തിരുന്ന് ജോലിചെയ്യുന്നത് ഒരു ട്രന്റ് ആയി മാറുമെന്ന് മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ ചീഫ് ഇക്കണോമിസ്റ്റ് കരിന്‍ കിംബ്രോഹ് പറയുന്നു.
റിമോട്ട്, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയ വാക്കുകള്‍ തിരയുന്നതില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ടെന്നാണ് ലിന്‍ക്ടിന്‍ കോര്‍പറേഷന്റെ കണക്ക്. അവരുടെ കണക്കുപ്രകാരം 42 ശതമാനം വരും അത്.
ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും 'വിദൂരജോലി'യ്ക്കുള്ള സാധ്യത കുറയുകയില്ലെന്നുവേണം കരുതാന്‍. തൊഴിലാളികളെ വിദൂരത്തിരുന്നു ജോലിയെടുപ്പിക്കുന്ന സംവിധാനം വികസിപ്പിക്കുന്ന സ്റ്റാര്‍ട്ട്അപ്പുകളും പുതിയ കാലത്ത് വികസിക്കുമെന്ന് കരുതുന്നു.