മുക്കം നഗരസഭ ലീഗ് വിമതന്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരിക്കും
യു.ഡി.എഫ് വെല്‍ഫെയര്‍ സംഖ്യം കാരണം മുക്കം നഗരസഭാ തിരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
കോഴിക്കോട്: മുക്കം നഗരസഭ എല്‍ഡിഎഫ് ഭരിക്കും. ലീഗ് വിമതനായി മത്സരിച്ചു ജയിച്ച മുഹമ്മദ് അബ്ദുല്‍ മജീദ് എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് അറിയിച്ചു. 'ഇടതു പക്ഷത്തോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കും. വോട്ടര്‍മാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഇടതുപക്ഷം അംഗീകരിച്ചു. നാട്ടുകാരുടെ തീരുമാനമാണ് തന്റെയും തീരുമാനമെന്നും' മജീദ് പറഞ്ഞു.
യു.ഡി.എഫ് വെല്‍ഫെയര്‍ സംഖ്യം കാരണം മുക്കം നഗരസഭാ തിരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫലം വന്നതോടെ ആകെയുള്ള 33 സീറ്റില്‍ യു.ഡി.എഫ് വെല്‍ഫെയര്‍ സഖ്യത്തിന് 15 സീറ്റും, എല്‍.ഡി.എഫിന് 15 സീറ്റും എ.ഡി.എയ്ക്ക് രണ്ട് സീറ്റും ലീഗ് വിമതന് ഒരു സീറ്റുമാണ് ലഭിച്ചത്. ഇതോടെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ യുഡിഎഫ് ഭരിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇരട്ടകുളങ്കര വാര്‍ഡില്‍ നിന്നും വിജയിച്ച ലീഗ് വിമതന്‍ അബ്ദുല്‍ മജീദിന്റെ തീരുമാനത്തോടെ നഗരസഭാ ഭരണം എല്‍ഡിഎഫിന്റെ കൈകളില്‍ എത്തിയിരിക്കുകയാണ്.
രണ്ട് മുന്നണികളുമായും ചര്‍ച്ച നടത്തിയെന്ന് അബ്ദുല്‍ മജീദ് പറഞ്ഞു. മുക്കത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴും ലീഗുകാരന്‍ തന്നെയാണ്. നഗരസഭയ്ക്കു പുറത്ത് ലീഗിന്റെ പ്രവര്‍ത്തനത്തില്‍ സജീവമാകും. മുന്നോട്ട് വെച്ച കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോയാല്‍ എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.