ന്യൂഡല്‍ഹി: അന്തരിച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ സംസ്‌കാരം ഇന്ന് നടക്കും. സൈഫായിലെ സമാധി സ്ഥലില്‍ വൈകീട്ട് 3 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ജന്‍മനാടായ സൈഫായിലാണ് മുലായം സിങിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെയാണ് റോഡ് മാര്‍ഗം മുലായം സിങ് യാദവിന്റെ മൃതദേഹം ഗുഡ്ഗാവില്‍ നിന്നും ജന്‍മദേശമായ ഉത്തര്‍പ്രദേശിലെ സൈഫായിലേക്ക് എത്തിച്ചത്. മുലായം സിങ് യാദവിന്റെ മരണത്തില്‍ മൂന്നുദിവസത്തെ ദു:ഖാചരണമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
സംസ്‌കാര ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മുലായം സിങ് യാദവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൈഫായിലെ പൊതുദര്‍ശന വേദിയിലെത്തും. ഒരുദിവസത്തെ ദു:ഖാചരണം ബിഹാര്‍ സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും മുലായം സിങ് യാദവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമുണ്ടാവുമെന്ന് സമാജ്‌വാദി പാര്‍ട്ടി അറിയിച്ചു. എന്നാല്‍, മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നോവില്‍ പൊതുദര്‍ശനമുണ്ടാവില്ല.