മുബൈയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു
വിരാറില്‍ നിന്ന് ചര്‍ച്ച് ഗേറ്റിലേക്കാണ് ആദ്യ സര്‍വീസ് നടത്തിയത്. സര്‍ക്കാര്‍ അനുവദിച്ച അവശ്യ സര്‍വീസിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ട്രെയിനുകളില്‍ പ്രവേശിക്കാന്‍ അനുമതി.
മുംബൈ: വെസ്‌റ്റേണ്‍ റെയില്‍വേ, സെന്‍ട്രല്‍ റെയില്‍വേ (മെയിന്‍ലൈന്‍, ഹാര്‍ബര്‍ ലൈന്‍) വഴി അവശ്യ സ്റ്റാഫുകള്‍ക്കായി തിരഞ്ഞെടുത്ത ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച് പശ്ചിമ റെയില്‍വേയും സെന്‍ട്രല്‍ റെയില്‍വേയും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് തീരുമാനം.
മുംബൈയിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നതിനിടെയാണ് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചത്. വിരാറില്‍ നിന്ന് ചര്‍ച്ച് ഗേറ്റിലേക്കാണ് ആദ്യ സര്‍വീസ് നടത്തിയത്. സര്‍ക്കാര്‍ അനുവദിച്ച അവശ്യ സര്‍വീസിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ട്രെയിനുകളില്‍ പ്രവേശിക്കാന്‍ അനുമതി.
1200 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ട്രെയിനില്‍, 700യാത്രക്കാരെ മാത്രമാണ് കയറ്റുക. അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്ന 1.25 ലക്ഷം പേര്‍ക്ക് ഇത് ഉപകാരപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. ജീവനക്കാരുടെ ഐഡി കാര്‍ഡുകള്‍ കാണിച്ചാല്‍ മാത്രമേ സ്‌റ്റേഷനുകളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. വിരാറില്‍ നിന്ന് ദഹാനു റോഡുവരെ 73 ട്രെയിനുകള്‍ വെസ്‌റ്റേണ്‍ റെയില്‍വെ ഓടിക്കും. രാവിലെ 5.30 മുതല്‍ രാത്രി 11.30 വരെ 15 മിനിറ്റ് ഇടവേളകളില്‍ ട്രെയിന്‍ സര്‍വീസ് നടത്താനാണ് വെസ്‌റ്റേണ്‍, സെന്‍ട്രല്‍ റെയില്‍വെകള്‍ തീരുമാനിച്ചിരിക്കുന്നത്.
1,07,958കോവിഡ് കേസുകളാണ് ഇതുവരെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച മാത്രം 3,390കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,950പേരാണ് ഇതുവരെ മരിച്ചത്.