എല്ലാം അവസാനിപ്പിക്കുന്നുവെന്ന് മുനവര്‍ ഫാറൂഖി; ക്ഷമ പറഞ്ഞ് സ്വര ഭാസ്‌കറും സീഷാന്‍ അയൂബും
ബെംഗളൂരു: രണ്ട് മാസത്തിനുള്ളില്‍ പന്ത്രണ്ടാമത് പരിപാടിയും റദ്ദാക്കിയ സാഹചര്യത്തില്‍ താന്‍ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച സ്റ്റാന്റ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയോട് ക്ഷമ ചോദിച്ച് സ്വര ഭാസ്‌കറും സീഷാന്‍ അയൂബും.
യുക്തിയും വിദ്യാഭ്യാസവും കഴിവുമുള്ള 'അപരരെ' മതാന്ധതയുടെ വക്താക്കള്‍ക്ക് വെറുപ്പാണ്. മുനവ്വര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ ഹിന്ദുത്വത്തിന് ഭീഷണിയാണ്- സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു. കലാകാരന്മാരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദമാക്കുന്നത് ഒരു സ്ഥിരം കാര്യമായെന്നും അത് അനുവദിക്കുന്നത് ലജ്ജാകരമാണെന്നും മുനവറിനോട് ക്ഷമ ചോദിക്കുന്നുവെന്നും മറ്റൊരു ട്വീറ്റില്‍ അവര്‍ എഴുതി.
ഒരു സമൂഹമെന്ന നിലയില്‍ നാം തോറ്റുപോയെന്നായിരുന്നു നടന്‍ സീഷാന്‍ അയൂബിന്റെ ട്വീറ്റ്. നിങ്ങളെ സ്‌റ്റേജില്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഹിന്ദുത്വരുടെ ഭീഷണിയെത്തുടര്‍ന്ന് ബെംഗളൂരുവില്‍ നിശ്ചയിച്ച പരിപാടി റദ്ദാക്കിയ സാഹചര്യത്തിലാണ് ഫൂറൂഖി എല്ലാം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ എഴുതിയ കുറിപ്പിലാണ് താന്‍ രംഗമൊഴിയുകയാണെന്ന് അദ്ദേഹം നിരാശയോടെ പ്രഖ്യാപിച്ചത്. വിദ്വേഷം വിജയിച്ചു, കലാകാരന്‍ തോറ്റു, ഞാന്‍ പൂര്‍ത്തിയാക്കി, വിട- ഫാറൂഖി ഇന്‍സ്റ്റഗ്രാമില്‍ എഴുതി.
പരിപാടികള്‍ അവതരിപ്പിക്കുന്നത് അവസാനിപ്പിക്കരുതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ അഭ്യര്‍ത്ഥിച്ചു. ഇല്ല, വിരമിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല- സംഗീത സംവിധായകന്‍ മയൂര്‍ ജുമാനി ഫാറൂഖിയുടെ പോസ്റ്റിന് കമന്റ് ചെയ്തു.
ഫാറൂഖി വിവാദമുണ്ടാക്കുന്നയാളാണെന്നാണ് ബെംഗളൂരുവിലെ സംഘാടകര്‍ക്ക് നല്‍കിയ കത്തില്‍ പോലിസ് ആരോപിച്ചത്. ഹിന്ദു ജാഗ്രന്‍ സമിതിയുടെ നേതാക്കളും പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു.