'മുസ്‌ലിം ആണെങ്കില്‍ തല്ലിക്കൊല്ലാം എന്നാണോ?'; നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയെന്ന് സ്വര ഭാസ്‌കര്‍
ന്യൂഡല്‍ഹി: 'മുഹമ്മദ് എന്നാണോ പേര്' എന്ന് ചോദിച്ച് ബിജെപി പ്രാദേശിക നേതാവിന്റെ ക്രൂര മര്‍ദനത്തിന് ഇരയായ ജെയിന്‍ സമുദായത്തില്‍പ്പെട്ട വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹോളിവുഡ് നടി സ്വര ഭാസ്‌കര്‍. സംഭവത്തെ ലഘൂകരിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര നടത്തിയ പ്രസ്താവനക്കെതിരേയാണ് നടി രംഗത്തെത്തിയത്.
'അപ്പോള്‍ അവന്‍ ഒരു മുസ്‌ലിം ആയിന്നെങ്കില്‍ അവനെ തല്ലിക്കൊന്നാല്‍ കുഴപ്പമില്ലേ????. എന്ത് സന്ദേശമാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നല്‍കുന്നത്?!?നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ച!'. സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു.
So if he had turned out to be a Muslim, it would be okay to lynch him???? What kind of messaging is this from Home Minister of MP?!?
— Swara Bhasker (@ReallySwara) May 22, 2022
Utter breakdown of rule of law ! https://t.co/iRnBAo0PxE
മാനസികാസ്വാസ്ഥ്യമുള്ള വയോധികന് സ്വയം പരിചയപ്പെടുത്താന്‍ കഴിയാത്തത് കൊണ്ടാണ് ആക്രമണത്തിന് ഇരയായത് എന്ന തരത്തിലായിരുന്നു ആഭ്യന്തര മന്ത്രിയുടെ ന്യായീകരണം. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നെങ്കില്‍ അക്രമിക്കപ്പെടില്ലായിരുന്നു എന്ന തരത്തിലുള്ളതാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. ഇതിനേയാണ് നടി വിമര്‍ശിച്ചത്. മുസ് ലിം ആണെന്ന സംശയത്തിന്റെ പേരിലാണ് ഹിന്ദു വയോധികനെ ബിജെപി പ്രാദേശിക നേതാവ് മര്‍ദിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ഈ സംഭവം വലിയ വിവാദമായ സാഹചര്യത്തിലാണ് വിശദീകരണമവുമായി ആഭ്യന്തര മന്ത്രി എത്തിയത്.
വയോധികനെ തല്ലിക്കൊന്ന സംഭവത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പ്രതിപക്ഷവും മുതിര്‍ന്ന അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും ബിജെപി ഭരണകൂടത്തിനെതിരേ രംഗത്തെത്തി.
'ഒരു ബിജെപി ക്രിമിനലിന്റെ മുഖം. അവനെ ഓര്‍ത്തുവയ്ക്കുക'. ജെയിന്‍ സമുദായത്തില്‍പ്പെട്ട ഭിന്നശേഷിക്കാരനായ വയോധികനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ ബിജെപി പ്രാദേശിക നേതാവ് ദിനേശ് കുശ്‌വാഹയുടെ ചിത്രം പങ്കുവച്ച് കൊണ്ട് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന്റെ പോസ്റ്റാണ് പ്രശാന്ത് ഭൂഷണ്‍ റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. ബിജെപി വിദ്വേഷത്തിന്റെ ചൂള കത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ജിതു പട്വാരി ആരോപിച്ചു. കേസെടുത്തെങ്കിലും തുടര്‍ നടപടി ഉണ്ടാകുമോയെന്ന് കണ്ടറിയേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു. പ്രതി ബിജെപി തന്നെയാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും ഇത്തരം പ്രവൃത്തി ചെയ്യുന്ന ആരെയും സംസ്ഥാന സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി രജനീഷ് അഗര്‍വാള്‍ പറഞ്ഞു.
എന്നാല്‍, ആര്‍എസ്എസ്സും ബിജെപിയും രാജ്യത്ത് സൃഷ്ടിച്ച ധ്രുവീകരണ രാഷ്ട്രീയത്തിന്റേയും മുസ് ലിം വെറുപ്പിന്റേയും അനന്തര ഫലമാണ് ഇത്തരം ആക്രമണങ്ങളെന്ന വിമര്‍ശനം ഉയര്‍ന്നു. രാജ്യത്ത് വിദ്വേഷം വിതച്ച് വര്‍ഗീയ ആക്രമണങ്ങള്‍ അരങ്ങേറുമ്പോള്‍ മൗനം പാലിച്ചതിന്റെ ഫലമാണ് ഇത്തരം കൊലകളെന്ന് മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ് വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം വീണ്ടെടുക്കാനാവാത്തവിധം നശിപ്പിച്ചെന്ന് റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.
'ഭാരതത്തിന് മഹത്വം കൊണ്ടുവന്നു എന്ന് അവകാശപ്പെടുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം വീണ്ടെടുക്കാനാവാത്തവിധം നശിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും മോശമായ ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ അദ്ദേഹത്തിന്റെ മൗനം ലോകത്തിന്റെ രോഷം ഉളവാക്കില്ലേ? ലോക നേതാക്കന്മാര്‍ക്ക് ഇത്രയും മതിയാവില്ലേ?. ബിജെപി പ്രാദേശിക നേതാവ് വയോധികനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ എന്‍ഡിടിവി വാര്‍ത്ത പോസ്റ്റ് ചെയ്ത് കൊണ്ട് റാണാ അയ്യൂബ് ചോദിച്ചു.
'മുഹമ്മദ് എന്നാണോ പേര്, ആധാര്‍ കാര്‍ഡ് കാണിക്കൂ' എന്ന് പറഞ്ഞാണ് മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധനെ ബിജെപി പ്രാദേശിക നേതാവ് ക്രൂരമായി മര്‍ദിക്കുന്നത്. വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. മധ്യപ്രദേശിലെ നീമുച്ചിലാണ് സംഭവം.
ഭന്‍വര്‍ലാല്‍ ജെയിന്‍ എന്ന വൃദ്ധനെയാണ് നീമുച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിജെപിയുടെ മുന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അംഗത്തിന്റെ ഭര്‍ത്താവായ ദിനേശ് കുശ്‌വാഹ എന്നയാളാണ് വൃദ്ധനെ മര്‍ദിച്ചതെന്ന് തിരിച്ചറിഞ്ഞു. ഭന്‍വര്‍ലാല്‍ ജെയിനെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പോലിസ് അന്വേഷണം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നീമുച്ച് ജില്ലയിലെ റോഡരികിലാണ് ഭന്‍വര്‍ലാല്‍ ജെയിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുടുംബത്തിന് കൈമാറുകയും അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തു.
സംസ്‌കാരത്തിന് ശേഷമാണ് ഭന്‍വര്‍ലാല്‍ ജെയിനെ ഒരാള്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ കുടുംബാംഗങ്ങള്‍ കണ്ടത്. 'പേരെന്താണ്? മുഹമ്മദ്? ആധാര്‍ കാര്‍ഡ് കാണിക്കൂ' എന്ന് ചോദിച്ചുകൊണ്ട് തലയിലും മുഖത്തും അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പരിഭ്രാന്തനായ വൃദ്ധന്‍ അക്രമിക്ക് പണം നല്‍കാമെന്ന് പറയുന്നതും ദൃശ്യത്തിലുണ്ട്. ഇത് അക്രമിയെ പ്രകോപിപ്പിക്കുകയും അയാള്‍ വൃദ്ധന്റെ തലയിലും ചെവിയിലും നിര്‍ത്താതെ അടിക്കുകയും ചെയ്തു. അടിക്കുന്നത് നിര്‍ത്താന്‍ വേണ്ടിയാവാം വൃദ്ധന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് വീണ്ടും അക്രമിക്ക് നേരെ നീട്ടി. എന്നാല്‍ അക്രമി വൃദ്ധനെ മര്‍ദിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു. ആരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമല്ല.
വീഡിയോ കണ്ട ശേഷം ഭന്‍വര്‍ലാല്‍ ജെയിന്റെ കുടുംബാംഗങ്ങള്‍ പോലിസ് സ്‌റ്റേഷനിലെത്തി അക്രമിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച ആണ് സംഭവം നടന്നതെന്ന് കെ എല്‍ ഡാങ്കി എന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസെടുത്തെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.