മുനവര്‍ ഫാറൂഖിക്ക് സുപ്രിംകോടതി ജാമ്യമനുവദിച്ചു

Update: 2021-02-05 06:42 GMT

ന്യൂഡല്‍ഹി: കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ഹിന്ദു ദേവതകള്‍ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ 'അശ്ലീല' പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസിലാണ് ജാമ്യം അനുവദിച്ചത്. ഇതേ കേസില്‍ മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടിസ് അയക്കാനും കോടതി തീരുമാനിച്ചു.

ഇതിനു മുമ്പ് മൂന്നു തവണ മുനവര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ജനുവരി 28നും മധ്യപ്രദേശ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ബിജെപി നേതാവിന്റെ മകനാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ജനുവരി ഒന്നാം തിയ്യതി അദ്ദേഹത്തെയും കൂടെ നാല് പേരെയും അറസ്റ്റ് ചെയ്തു.

മുനവര്‍ ഫാറൂഖി, നളിന്‍ യാദവ്, എഡ്‌വിന്‍ ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ് എന്നിവരാണ് ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകന്‍ ഏകലവ്യ സിങ് ഗൗറിന്റെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. പരിപാടിക്കിടെ കേന്ദ്രമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം. പ്രാദേശിക കോടതി ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Tags:    

Similar News