''വഖ്ഫ് ഭേദഗതി നിയമം ഭൂമി കൊള്ളക്കാരെ സഹായിക്കാന്‍; പ്രതിഷേധം സമാധാനപരമായിരിക്കണം'': മൗലാനാ മഹ്മൂദ് മദനി

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് ഭൂമി തട്ടിയെടുക്കാന്‍ കൊണ്ടുവന്ന നിയമത്തിനെതിരായ പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാനാ മഹ്മൂദ് മദനി. മതപരിഷ്‌കാരമെന്ന പേരില്‍ ഭൂമി കൊള്ളക്കാരെ സഹായിക്കാനാണ് ബിജെപി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരിക്കുന്നത്. പക്ഷേ, പ്രതിഷേധം സമാധാനപരമായിരിക്കണം. അക്രമമുണ്ടാവുന്നത് വഖ്ഫ് നിയമത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാം. മുന്‍ കാലങ്ങളില്‍ വഖ്ഫ് ബോര്‍ഡുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അവയെ ശരിയാക്കേണ്ടതുണ്ടെന്നുമുള്ള ആഖ്യാനം ബിജെപി കൊണ്ടുവന്നു. മുസ്‌ലിംകള്‍ക്കു വേണ്ടിയെന്ന പേരില്‍ അവര്‍ ഭൂമി കൊള്ളക്കാരെ സഹായിക്കുകയാണ്. കണ്ണായ സ്ഥലങ്ങളിലെ വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്ന അജണ്ഡയാണ് അവര്‍ക്കുള്ളത്. ഇന്ത്യയില്‍ തുടരാനാണ് മുസ്‌ലിംകളുടെ പൂര്‍വ്വികര്‍ ആഗ്രഹിച്ചത്. രാജ്യത്തിന്റെ സ്ഥാപകര്‍ അവര്‍ക്ക് നല്‍കിയ ഉറപ്പുകളാണ് ഇപ്പോള്‍ എടുത്തുകളയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.