'ഹോട്ടലുടമകളല്ല മുസ് ലിംകള്‍ ഭിക്ഷാടകരാവണമെന്ന്'; ഗുജറാത്തില്‍ മുസ് ലിം ഉടമസ്ഥതയിലുള്ള ഹോട്ടലിനെതിരേ ഹിന്ദുത്വര്‍

Update: 2021-10-29 08:18 GMT

ആനന്ദ്: ഗുജറാത്തിലെ ആനന്ദില്‍ 'ഹിന്ദു പ്രദേശത്ത'് മുസ് ലിം ഉടമസ്ഥതയില്‍ ഹോട്ടല്‍ തുറക്കുന്നത് ഹിന്ദുത്വര്‍ തടഞ്ഞു. രണ്ട് മുസ് ലിംകളുടെയും ഒരു ഹിന്ദുവിന്റെയും കൂട്ടുടമസ്ഥതയിലുള്ള ഹോട്ടലിന്റെ ഉദ്ഘാടനവും ഹിന്ദുത്വ അക്രമികള്‍ തടഞ്ഞു. കൂടാതെ പ്രദേശം അശുദ്ധമാക്കിയെന്നാരോപിച്ച് ഗംഗാജലം തളിക്കുകയും ചെയ്തു.

ആനന്ദില്‍ ബ്ലു ഐവി ഹോട്ടല്‍ തുറക്കുന്നതിനെതിരേയാണ് 50ഓളം പേര്‍ സംഘടിച്ചെത്തിയതെന്ന് ആനന്ദ് ജില്ലയിലെ പോലിസ് സൂപ്രണ്ട് അജിത് രജിയന്‍ പറഞ്ഞു. അതു സംബന്ധിച്ച പരാതിയും ലഭിച്ചിട്ടുണ്ട്.

ഹോട്ടല്‍ സ്ഥിതിചെയ്യുന്ന റോഡില്‍ അക്രമികള്‍ ഗംഗാ ജലം തളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു. 'ഭാരത് മാതാ കി ജയ്', 'ജയ് ശ്രീറാം' എന്നിങ്ങനെ ആക്രോശിച്ചാണ് സ്ത്രീകളടക്കം അമ്പതോളം പേര്‍ ഹോട്ടലിനു മുന്നിലെത്തിയത്. അതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

മുസ് ലിംകള്‍ ഭിക്ഷക്കാരാവണമെന്നും ഹോട്ടലുടമകളാവരുതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഹിന്ദു പ്രദേശത്ത് മുസ് ലിംകളെ വ്യാപാരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഒരു സ്ത്രീപ്രതിഷേധക്കാരി പറഞ്ഞു.

അതേസമയം നിയമവിരുദ്ധമായ നിര്‍മിതിക്കെതിരേയാണ് പോരാട്ടമെന്ന് ചില പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു.

ഹോട്ടല്‍ നിര്‍മാണത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഉടമസ്ഥരിലൊരാളായ ഹസന്‍ അലി പറഞ്ഞു. 

Tags:    

Similar News