പൗരത്വ വിഷയത്തില്‍ ഇന്ത്യയിലെ മുന്നണി രാഷ്ട്രീയം ഇരുട്ടില്‍ തപ്പുന്നുവെന്ന് മുസ്തഫ കൊമ്മേരി

Update: 2021-01-04 07:45 GMT
പൗരത്വ വിഷയത്തില്‍ ഇന്ത്യയിലെ മുന്നണി രാഷ്ട്രീയം ഇരുട്ടില്‍ തപ്പുന്നുവെന്ന് മുസ്തഫ കൊമ്മേരി

വടകര: കൊവിഡ് അവസാനിച്ചാല്‍ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ മുന്നണി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. പൗരത്വ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച അതേ മണിക്കൂറില്‍ തിരിച്ച് പ്രസ്താവന ഇറക്കിയത് എസ്.ഡി.പി.ഐ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്.ഡി.പി ഐ വടകര മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ മാറ്റത്തിന്റെ അലയൊളികള്‍ക്ക് അതിവിദൂരമല്ല എന്നതിന് തെളിവാണ് കര്‍ണാടകയിലെ കഴിഞ്ഞ തെരഞ്ഞടുപ്പ് ഫലം. ദലിത് പിന്നാക്കക്കാരുടെ മുന്നേറ്റത്തിന് കൈ കോര്‍ക്കാന്‍ ഇന്ത്യയിലെ പ്രാചീന രാഷ്ട്രീയ പാര്‍ട്ടികള്‍ മടി കാണിക്കുകയാണ്. ഇന്ത്യയിലെ പ്രതിപക്ഷത്തിന് ഉറച്ച ശബ്ദമാവാന്‍ കഴിയുന്നില്ലെന്നാണ് ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ പറയുന്നത്. പിന്നെ എങ്ങനെയാണ് ഇന്ത്യയിലെ പീഡിപ്പിക്കപ്പെടുന്നവരുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെ രക്ഷകരാകാന്‍ കോണ്‍ഗ്രസിനും മറ്റു ഇതര പാര്‍ട്ടികള്‍ക്ക് കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ പല സ്ഥലങ്ങളിലും എസ്.ഡി.പി.ഐ ലീഗും, സി.പി.എമ്മും പരാജയപ്പെടുത്തിയപ്പോള്‍ അവിടങ്ങളിലേക്ക് ഭരണത്തിലേക്ക് വന്നത് ബി.ജെ.പിയാണ്. കേരളത്തിലെ പൊതുസമൂഹത്തില്‍ എസ്.ഡി.പി.ഐയെ കരിവാരിത്തേക്കാന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങള്‍ പാര്‍ട്ടിയെ നെഞ്ചകത്തിലേക്ക് കയറ്റി എന്നതിന് തെളിവാണ് കേരളത്തിലെ നൂറിലധികം സീറ്റ് എസ്.ഡി.പി.ഐ നേടിയതെന്നും മുസ്തഫ കൊമ്മേരി പറഞ്ഞു.

വിവിധ പാര്‍ട്ടികളില്‍ നിന്ന് എസ്ഡിപിഐയിലേക്ക് കടന്ന വന്ന 60 പേര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി. ബാന്റ് വാദ്യങ്ങളുടേയും കോല്‍ക്കളിയുടേയും അകമ്പടിയില്‍ വന്‍ ജനാവലിയോടെ നടന്ന റാലിയോടയാണ് ജനപ്രതിനിധികളെ വരവേറ്റത്. 

ചടങ്ങില്‍ എസ്.ഡി.പി.ഐ വടകര മണ്ഡലം പ്രസിഡന്റ് നിസാം പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, ജില്ലാ ട്രഷറര്‍ റഷീദ് ഉമരി, അഴിയൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധികളായ സാലിം പുനത്തില്‍, സീനത്ത് ബഷീര്‍, വടകര മുനിസിപാലിറ്റി കൗണ്‍സിലര്‍ ഹക്കീം പി.എസ്, സവാദ് വടകര, സി.എ ഹാരിസ്, ഷംസീര്‍ ചോമ്പാല, സിദ്ദീഖ് പുത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Tags:    

Similar News